വൈദ്യുതി ഉപഭോഗം കൂടുന്നു; സംസ്ഥാനത്ത് ഇന്നും നിയന്ത്രണം, മുന്നറിയിപ്പുമായി കെഎസ്ഇബി

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയത്താണ് വൈദ്യുതി തടസപ്പെടുന്നത്.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് നിയന്ത്രണം ആവശ്യമായി വരുന്നതെന്നും കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവാണ് താപനില മുൻ വർഷത്തേക്കാൾ ഉയർന്ന നിലയിലെത്തിച്ചിരിക്കുന്നത്.

ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചത് പ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി 10:30 ന് രേഖപ്പെടുത്തിയ 5349 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽ കാലങ്ങളിൽ രേഖപ്പെടുത്തിയ ഡിമാൻഡിന് തുല്യമാണ്. മുൻകാലങ്ങളിലെ സെപ്തംബർ മാസത്തെ ഡിമാൻഡിൽ നിന്ന് ഏകദേശം 1100 മെഗാവാട്ട് വരെ കൂടിയെന്നും കെഎസ്ഇബി വ്യക്തമാക്കി.

കൂടാതെ മദ്ധ്യപ്രദേശിൽ നിന്നും കൈമാറ്റകരാർ (SWAP) വഴി ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭിക്കാത്തിനാൽ ഇന്ന് 200 മെഗാവാട്ടിന്റെ അധിക കുറവുകൂടി നേരിടുന്നു. ഏകദേശം 900 മുതൽ 1000 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!