കൊച്ചി: ലഹരിക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരുക്ക്. ഇന്നലെ മരട് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പ്രതിയും പൊലീസുകാരും ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ കുത്തിയതോടെ നികരത്തിൽ വീട്ടിൽ രഞ്ജിത് (32) ആണ് സ്റ്റേഷനിൽ വച്ച് അക്രമാസക്തനായത്. ഇയാളുടെ ആക്രണമത്തിൽ എസ്ഐ കെ.ജാക്സൺ, എഎസ്ഐ കെ.സുമേഷ് കുമാർ, സിപിഒ പി.എം. ഫസൽ എന്നിവർക്ക് പരുക്കേറ്റു.
പിൻകഴുത്തില്‍ ഇടിയേറ്റ എസ്ഐ ജാക്സന്റെ കഴുത്തിന് സാരമായ ചതവേറ്റിട്ടുണ്ട്. പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐ സുമേഷിന്റെ ഇടതുകൈ തിരിച്ചതുമൂലം മുട്ടിന്റെ കുഴതെറ്റി. സിപിഒ ഫസലിന്റെ വലതു കൈയാകട്ടെ ശക്തമായി തിരിച്ചതുമൂലം അസ്ഥിക്ക് പൊട്ടലുമേറ്റു. പരുക്കേറ്റ സുമേഷിനെയും ഫസലിനേയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ മരട് പൊലീസ് ബിഎൻഎസ് 296 (ബി), 121(2) എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരട് സിൽവർസാൻഡ് ഐലൻഡിന് സമീപത്തെ ഫ്ലാറ്റിൽ നിന്നാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചത് അനുസരിച്ച് ഇന്നലെ ഉച്ചയോടെയാണ് പൊലീസ് ഇവിടെ പരിശോധനയ്ക്ക് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 0.020 ഗ്രാം എംഡിഎംഎയുമായി രഞ്ജിത്തിനെ കസ്റ്റയിലെടുക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ ഇയാൾ മർദനമേറ്റ നിലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ട് സ്റ്റേഷനിലെത്തിച്ച സമയത്ത് രഞ്ജിത്ത് തല സെല്ലിലിടിച്ച് സ്വയം പരിക്കേൽപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
