തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ഭക്ഷണസാധനങ്ങൾക്കും കുടിവെള്ളത്തിനും സോഫ്റ്റ് ഡ്രിങ്കിനും അമിതവില ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് വ്യാപക പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ കേസെടുക്കുകയും നോട്ടിസ് നൽകുകയും ചെയ്തു.
പോപ്കോൺ അടക്കമുള്ള വിഭവങ്ങളിൽ അളവിൽ കുറവുവരുത്തി വിൽപന നടത്തിയതിന് കാസർകോട്, മലപ്പുറം ജില്ലകളിൽ ഓരോ കേസ് റജിസ്റ്റർ ചെയ്തു. നിയമാനുസൃത മുദ്ര പതിക്കാത്ത ത്രാസുകൾ ഉപയോഗിച്ച് വിൽപന നടത്തിയതിന് കാസർകോട് ജില്ലയിൽ 3 കേസെടുത്തു. ലാർജ്, മീഡിയം, സ്മോൾ എന്നിങ്ങനെ നോൺ-സ്റ്റാൻഡേഡ് അളവുകളിൽ, തൂക്കം രേഖപ്പെടുത്താതെ വിൽപന നടത്തിയതിന് കണ്ണൂർ ജില്ലയിൽ 4 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടിസ് നൽകി.
തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും പുറത്തുള്ളതിനെക്കാൾ ഉയർന്നവിലയ്ക്ക് ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന പ്രവണതയും വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. ഒരേ ഉൽപന്നത്തിന് 2 വ്യത്യസ്ത എംആർപി (ഡ്യൂവൽ എംആർപി) ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഉൽപന്നങ്ങളുടെ ചേരുവകളിൽ മാറ്റംവരുത്തി ഇരട്ട എംആർപി നിരോധനം മറികടക്കാനാണ് ചില കമ്പനികൾ ശ്രമിക്കുന്നത്. ഇത്തരം ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി ഫുഡ് സേഫ്റ്റി, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെയും പരിശോധനാ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചശേഷം ഉൽപന്നങ്ങൾ ഒന്നുതന്നെയാണെന്ന് തെളിഞ്ഞാൽ ശക്തമായ നടപടിയുണ്ടാകും. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമായി തുടരാനാണു തീരുമാനം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
