വൈറ്റില: നാലുദിവസമായി തുടരുന്ന അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രി നാട്ടുകാർ വൈറ്റില കെ.എസ്.ഇ.ബി. ഓഫീസ് ഉപരോധിച്ചു. ഇടയ്ക്കിടെയുള്ള വൈദ്യുദി മുടക്കംമൂലം വീട്ടിൽ കിടന്നുറങ്ങാൻ പറ്റാതായതോടെ നാട്ടുകാർ സംഘടിച്ച് കെ.എസ്.ഇ.ബി. ഓഫീസിലേക്കെത്തുകയായിരുന്നു.
വിവരമറിഞ്ഞ് കൂടുതൽ നാട്ടുകാരെത്തിയതോടെ രംഗം വഷളായി. തുടർന്ന് മരട് പോലീസ് സ്ഥലത്തെത്തി. നാട്ടുകാർക്കൊപ്പം കൗൺസിലർ അനു തങ്കച്ചനുമുണ്ടായിരുന്നു. പോലീസും ജീവനക്കാരും അറിയിച്ചതിനെത്തുടർന്ന് അസി. എൻജീനയർ സ്ഥലത്തെത്തി.
തൈക്കൂടം സബ് സ്റ്റേഷനിൽ പാനൽ ബോർഡ് മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ മറ്റു ഫീഡറുകളിൽനിന്നാണ് വൈദ്യുതി ലഭിക്കുന്നത്. എന്നാൽ ലോഡു താങ്ങാൻ പറ്റാതെ വരുമ്പോഴാണ് വിതരണം തടസ്സപ്പെടുന്നത്.
44, 48 ഡിവിഷനുകളിലാണ് ഈ പ്രതിസന്ധി. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ജോലികൾ അടത്ത തിങ്കളാഴ്ചയോടെയേ പൂർത്തിയാകൂ. ആവശ്യമുള്ളിടത്ത് വേണ്ടത്ര വൈദ്യുതി ലഭിക്കാനുള്ള ബദൽ മാർഗമില്ലാത്തതാണ് പ്രശ്നം സങ്കീർണമാക്കിയത്. രാത്രി പന്ത്രണ്ടരയോടെ ഗിരിനഗർ തുടങ്ങി മറ്റു ഫീഡറുകളിൽനിന്നും വൈദ്യുതി ബന്ധം സ്ഥാപിച്ച് പ്രശ്നം താത്കാലികമായി പരിഹരിക്കുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
