ചെന്നൈ: തമിഴ്നാട്ടിലെ മധുര ജില്ലയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്. സംഭവത്തിൽ 23കാരനായ നാഗാർജുനയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്നും സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ സിസിടിവിയിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പെൺസുഹൃത്ത് തന്നോട് സംസാരിക്കുന്നത് നിർത്തുകയും ബന്ധം തുടരാൻ തയ്യാറാകാതിരിക്കുകയും ചെയ്തതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആറു വർഷമായി യുവാവ് പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
യുവാവ് ഒരു വസ്തുവിന് തീകൊളുത്തി വീടിനുനേരെ എറിയുന്നതും അത് തിരികെ അതേ സ്ഥലത്തേക്ക് പതിക്കുന്നതും തുടർന്ന് യുവാവ് ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവം നടക്കുമ്പോൾ മറ്റൊരു യുവാവ് കടയ്ക്ക് പുറത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
നിലവിൽ നാഗാർജുന പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, തമിഴ്നാട് നിയമസഭയിൽ ക്രമസമാധാനം, കുറ്റകൃത്യങ്ങൾ, സ്ത്രീസുരക്ഷ എന്നിവയെച്ചൊല്ലി പ്രതിപക്ഷവും ഭരണകക്ഷിയായ ടിവികെയും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നതിന് പിന്നാലെയാണ് സംഭവം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
