കെപിസിസി അധ്യക്ഷ പദത്തിനായി ടി.എൻ പ്രതാപനും രംഗത്ത്‌; താത്പര്യം അറിയിച്ചതായി സൂചന

News Desk
1 Min Read

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിക്കുവേണ്ടിയുള്ള അണിയറ നീക്കങ്ങൾ സജീവമാകുന്നു. ഏറ്റവും ഒടുവിൽ അധ്യക്ഷനാകാനുള്ള താത്പര്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ച് മുൻ എംപി ടി.എൻ പ്രതാപനും കളംപിടിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ വിശ്വസ്തൻ കൂടിയാണ് ടി.എൻ പ്രതാപൻ. കെപിസിസി അധ്യക്ഷ പദവി നിർണയിക്കുന്നതിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ നിലപാടുകളും നിർണായകമാകും. മുഖ്യമന്ത്രിയുടെ പിന്തുണയും പ്രതാപൻ തേടിയതായാണ് റിപ്പോർട്ട്‌.

അതേസമയം അധ്യക്ഷ സ്ഥാനത്തിന് വേണ്ടി സമ്മർദ്ദവുമായി വിവിധ നേതാക്കൾ രംഗത്തുണ്ട്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹ്നാൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരാണ് സജീവമായി പരിഗണനയിലുള്ളത്. അക്കൂട്ടത്തിലാണ് ടി.എൻ പ്രതാപനൊപ്പം യുവനേതാക്കളായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എന്നിവരുടെ പേരും പരിഗണിക്കുന്നത്. സംസ്ഥാനത്ത പ്രമുഖ ദളിത് ചിന്തകനും കോൺഗ്രസിനോട് ചേർന്ന് നിൽക്കുന്നയാളുമായ സണ്ണി എം. കപിക്കാട് ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്തയച്ചിട്ടുമുണ്ട്. സംസ്ഥാനത്തെ 52 ഓളം വരുന്ന ദളിത്-ആദിവാസി സംഘടനകളുടെ കൂട്ടായ്മയും കൊടിക്കുന്നിൽ സുരേഷിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

എന്നാൽ ഒരാൾക്ക് ഒരുപദവി എന്ന പാർട്ടി നയം കൊടിക്കുന്നിലിനും ബെന്നിക്കും ആന്റോയ്ക്കും കുഴൽനാടനും ഷാഫിക്കും എല്ലാം കടമ്പയാണ്. ഒരാൾക്ക് ഒരു പദവി എന്ന നയം അംഗീകരിച്ചാൽ ടി.എൻ പ്രതാപൻ ജോസഫ് വാഴക്കൻ ഇവരിൽ ഒരാൾക്ക് സാധ്യതയുണ്ട്‌. വരും ദിവസങ്ങളിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!