ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ ഗുരുതര ആശങ്ക പ്രകടിപ്പിച്ച് മക്കൾ. പിതാവിനെ ജയിലിൽ ‘കൊല്ലാൻ ശ്രമിക്കുകയാണെന്ന്’ ആരോപിച്ച് സുലൈമാൻ ഖാനും കാസിം ഖാനും രംഗത്തെത്തി. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇമ്രാൻ ഖാന്റെ ജയിൽ സാഹചര്യങ്ങളെക്കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
ഇമ്രാൻ ഖാന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്നാണ് മക്കളുടെ ആരോപണം. ഒരു കണ്ണിന്റെ കാഴ്ചയുടെ ഏകദേശം 80 ശതമാനവും നഷ്ടപ്പെട്ടതായും അടുത്തിടെ കണ്ണിൽ പാച്ച് ധരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടതായും കാസിം ഖാൻ പറഞ്ഞു. ദിവസത്തിൽ 23 മണിക്കൂറിലധികം ചെറിയ സെല്ലിൽ ഒറ്റയ്ക്ക് കഴിയേണ്ടിവരുന്നതായും പുസ്തകങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും പരിമിതമായ പ്രവേശനമാണുള്ളതെന്നും ഇരുവരും ആരോപിച്ചു. വേനൽക്കാലത്ത് സെല്ലിൽ മതിയായ എയർ കണ്ടീഷനിങ് സംവിധാനമില്ലെന്നും അവർ പറഞ്ഞു. ഇമ്രാൻ ഖാന്റെ ജയിൽ സാഹചര്യങ്ങൾ അടുത്തിടെ കൂടുതൽ മോശമായതായാണ് കുടുംബത്തിന് ലഭിച്ച വിവരമെന്നും സുലൈമാൻ വ്യക്തമാക്കി.
ഇതിനിടെ ഇമ്രാൻ ഖാന്റെ ആരോഗ്യവും ചികിത്സയും സംബന്ധിച്ച് നേരത്തെ പാകിസ്ഥാൻ സുപ്രീംകോടതിയും ഇടപെട്ടിരുന്നു. സ്വകാര്യ ആശുപത്രിയിൽ പരിശോധനയും ചികിത്സയും ഉറപ്പാക്കണമെന്ന നിർദേശത്തിന് പിന്നാലെ അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് ജയിലിലേക്ക് തിരിച്ചയക്കുകയും ചെയ്തതിനെച്ചൊല്ലിയും വിവാദമുണ്ടായിരുന്നു.
സംഭവം ക്രിക്കറ്റ് ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്. 21 മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാർ ഇമ്രാൻ ഖാന് മാനുഷികമായ ചികിത്സയും ആവശ്യമായ വൈദ്യസഹായവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അതേസമയം, ലോർഡ്സിൽ ഇംഗ്ലണ്ട്–പാകിസ്ഥാൻ ടെസ്റ്റ് നടക്കുന്നതിനിടെ സ്കൈ സ്പോർട്സ് മക്കളുടെ അഭിമുഖം സംപ്രേഷണം ചെയ്തതിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
