കൊച്ചി: ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിവാദ നിർദ്ദേശത്തിൽ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. പ്രദര്‍ശനം എന്ന ഒരു വാക്ക് എങ്ങനെയാണ് ജീവനുള്ള ഒരു വ്യക്തിയെ കുറിച്ച് ഉപയോഗിക്കുകയെന്നും ജീവനില്ലാത്ത വസ്തുവിനെയാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും പി കെ ശ്രീമതി ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രയോഗങ്ങളും ഭാഷകളും അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണ്. അത് ആര് തന്നെ പറഞ്ഞാലും പിന്‍വലിക്കണമെന്നും പി കെ ശ്രീമതി റിപ്പോര്‍ട്ടറിനോട് പ്രതികരിക്കവെ ആവശ്യപ്പെട്ടു.
‘മഹാനായ മുഹമ്മദ് നബിയും മതവും പറയുന്നത് സ്ത്രീകള്‍ക്ക് ആദരവും പരിഗണനയും കൊടുക്കണം എന്നാണ്. മത മേധാവികളുടെ ഭാഗത്തുനിന്ന് ഈ രൂപത്തിലുള്ള പരാമർശം അംഗീകരിക്കാന്‍ കഴിയുന്നതല്ല. അത്തരം ഒരു പ്രയോഗം ആരുതന്നെ നടത്തിയാലും അതിനോട് യോജിക്കാന്‍ കഴിയി’ല്ലെന്നും പി കെ ശ്രീമതി വ്യക്തമാക്കി. മതമേധാവികളൊക്കെ ബഹുമാന്യരാണ്. പക്ഷെ സ്ത്രീകളോട് കാണിക്കുന്ന ഈ അവഗണനയും അധിക്ഷേപവും അവസാനിപ്പിക്കണം എന്നാണ് വിനയപൂര്‍വ്വം പറയാന്‍ ഉള്ളത് എന്നും പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.
അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പ്രസ്തവനയില്‍ പറഞ്ഞിരുന്നു. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്.
‘ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകള്‍ വേണ്ട, പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുത്’; സമസ്ത കാന്തപുരം വിഭാഗം
കോഴിക്കോട്: ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വിവാദ നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത്. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പ്രസ്തവനയില്‍ പറഞ്ഞു.
നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്.
ഇസ്‌ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും ഇതിനായി മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയില്‍ പറയുന്നു. ‘ഇസ്‌ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണം. ഇത്തരം പരിപാടികള്‍ തികച്ചും ഇസ്‌ലാമിക മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ മഹല്ല് ഭാരവാഹികളും പള്ളി, മദ്‌റസ, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ നേതൃത്വവും പ്രത്യേക ജാഗ്രത പുലര്‍ത്തണം. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കുന്നതും ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷ രീതികളും കൂട്ടിയിണക്കുന്നതും വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നും അത് അനുവദനീയമല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. മതകീയ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവന്‍ പരിപാടികളും സംഘടിപ്പിക്കേണ്ടത്. വരുതലമുറയിലേക്ക് സന്മാര്‍ഗീയമായ മാതൃകകള്‍ പകര്‍ന്നു നല്‍കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്’, പ്രസ്താവനയില്‍ പറയുന്നു
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
