കുറുപ്പിനെ പിടിക്കാന്‍ വീണ്ടും ഇറങ്ങും;ബ്രൂണൈയിലെ വയോധികനെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

News Desk
1 Min Read

തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബ്രൂണൈയിലെ വയോധികനെ കുറിച്ച് അന്വേഷിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനിടെ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന കേസില്‍ കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍ നിതിന്‍ പ്രതികരിച്ചു. വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതെന്നും കേള്‍ക്കുന്ന കഥകള്‍ അല്ലാതെ യാഥാര്‍ത്ഥ്യത്തിലേക്ക് വന്നിട്ടില്ലെന്നുമായിരുന്നു നിതിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ കുറച്ചുകൂടി വിശ്വാസയോഗ്യമാണ്. കുറുപ്പിനെ പിടിക്കുമെന്ന പ്രതീക്ഷ ഇപ്പോള്‍ തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് അഭ്യര്‍ത്ഥന എന്നും നിതിന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകീട്ടോടെയായിരുന്നു സുകുമാരക്കുറുപ്പിന്റെ രൂപ സാദൃശ്യമുള്ള വയോധികനെ ബ്രൂണൈയില്‍ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ഇയാളുടെ ഫോട്ടോയും താമസിക്കുന്ന സ്ഥലം അടക്കമുള്ള വിവരങ്ങളും ഒരു സൈബര്‍ വിദഗ്ധന്റെ അന്വോണത്തിലായിരുന്നു കണ്ടെത്തിയിരുന്നത്. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ സൈബര്‍ വിദഗ്ധന്‍ ഇത് ഹാക്ക് ചെയ്തിരുന്നെന്ന് അവകാശപ്പെടുന്നുണ്ട്. കണ്ടെത്തിയ വയോധികന്‍ സുകുമാരക്കുറുപ്പിന്റെ വിദേശത്തുള്ള ഭാര്യയുമായും ബന്ധുക്കളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും വിവരം ഉണ്ട്. ഇതിന്റെ ശബ്ദ സംഭാഷണം അടക്കം ഉണ്ടെന്നും ഇതും ഉടന്‍ പുറത്ത് വരും എന്നുമാണ് വിവരം.

സുകുമാരക്കുറുപ്പിന്റെ ഭാര്യയുമായും ബന്ധുക്കളുമായും ഈ വയോധികന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ‘തന്നെ ആരും കണ്ടെത്തില്ല’ എന്ന് പറയുന്നത് അടക്കമുള്ള സന്ദേശങ്ങള്‍ ഉണ്ടെന്നാണ് വിവരം. നേരത്തെ തന്നെ സുകുമാരക്കുറുപ്പിന് വേണ്ടി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ബ്രൂണൈല്‍ കണ്ടെത്തിയിരിക്കുന്ന 78 വയസ് പ്രായമുള്ള വയോധികന് ഒരു പാസ്പോട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ല എന്നതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുണ്ടെന്ന് കണ്ടെത്തിയ വ്യക്തി ബ്രൂണൈയില്‍ ഒരു ചൈനീസ് സ്വദേശിയുമായി ചേര്‍ന്ന് ബിസിനസ് നടത്തുകയാണെന്നാണ് സൂചന.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!