അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി വനിതാ നേതാവിന്റെ മകന്റെ 24 വയസ്സുകാരിയായ ഭാര്യ തൂങ്ങിമരിച്ച നിലയിൽ. ബിജെപി സൂറത്ത് ജില്ലാ മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മകൻ സൗരഭ് സിങ്ങിന്റെ ഭാര്യ നിധി സിങ്ങാണ് ആത്മഹത്യ ചെയ്തത്.
ശശി സിങ്, സൗരഭ് സിങ്, ഇയാളുടെ വനിതാ സുഹൃത്തായ നിധി സിങ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ് മരിച്ച നിധി സിങ്.
രണ്ട് വർഷം മുൻപായിരുന്നു സൗരഭുമായുള്ള നിധിയുടെ വിവാഹം. ചൊവ്വാഴ്ച വൈകിട്ട് ശശി സിങ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മരുമകളെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് നിധിയുടെ സഹോദരൻ ആദിത്യ കുമാർ ബിഹാറിൽ നിന്നും സൂറത്തിൽ എത്തിയ ശേഷം നൽകിയ പരാതിയിലാണ് കദോദര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
പോസ്റ്റ്മോർട്ടം നടപടികൾക്കിടയിൽ നിധിയുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആത്മഹത്യാക്കുറിപ്പ് ഡോക്ടർമാർ കണ്ടെത്തി. ഭർതൃവീട്ടുകാർ നശിപ്പിക്കാതിരിക്കാൻ വേണ്ടിയാകാം നിധി കുറിപ്പ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചതെന്ന് കദോദര പൊലീസ് ഇൻസ്പെക്ടർ വി.എ. ദേശായി പറഞ്ഞു.
വിവാഹത്തിനു മുൻപും ശേഷവും സൗരഭ് സിങ്ങിന് വനിതാ സുഹൃത്തുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ആദിത്യ കുമാറിന്റെ പരാതിയിൽ പറയുന്നു. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് അറിഞ്ഞ നിധി ഇതിനെ നിരന്തരം ചോദ്യം ചെയ്തിരുന്നു. വനിതാ സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവരരുതെന്ന് നിധി ഭർത്താവിനു മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സൗരഭ് അത് കേൾക്കാൻ കൂട്ടാക്കിയില്ല.
ഈ വിഷയത്തെച്ചൊല്ലി ഭർതൃവീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും നിധി ഇക്കാര്യം ബിഹാറിലുള്ള തന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നതായും പരാതിയിലുണ്ട്. അതേസമയം, എഫ്ഐആറിൽ ബിജെപി നേതാവ് ശശി സിങ്ങിനെ പ്രതിയാക്കിയിട്ടില്ലെന്നും അവർ നിലവിൽ പാർട്ടിയുടെ സജീവ പ്രവർത്തകയാണെന്നും ബിജെപി സൂറത്ത് ജില്ലാ അധ്യക്ഷൻ ഭരത് റാത്തോഡ് പറഞ്ഞു. പ്രതികൾക്കെതിരെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
