യുഎഇയിൽ ഓണസദ്യയ്ക്ക് തിരക്ക്; 30 വിഭവങ്ങളുമായി ആഘോഷം, ഇത്തവണ സദ്യക്ക് വില കൂടും

News Desk
3 Min Read

ദുബൈ: യുഎഇയിലെ മലയാളികൾക്ക് ഓണാഘോഷത്തിന് ഒരുക്കമായി വിവിധ റെസ്റ്ററന്റുകളിൽ ഓണസദ്യ ആരംഭിച്ചു. ചില സ്ഥാപനങ്ങൾ ഈ വാരാന്ത്യം തന്നെ സദ്യ വിളമ്പിത്തുടങ്ങിയപ്പോൾ ഭൂരിഭാഗം റെസ്റ്ററന്റുകളും ഓഗസ്റ്റ് 26ന് ആരംഭിക്കുന്ന തിരുവോണദിനാഘോഷങ്ങളോടനുബന്ധിച്ച് സദ്യ ഒരുക്കും.

മേഖലയിൽ തുടരുന്ന സംഘർഷത്തെ തുടർന്ന് പച്ചക്കറികൾക്കും വാഴയിലയ്ക്കും വില ഉയർന്നതിനാൽ ഇത്തവണ ഓണസദ്യയ്ക്ക് ചെലവേറുമെന്നാണ് റെസ്റ്ററന്റുകൾ പറയുന്നത്.

വെള്ളിയാഴ്ച കോർപറേറ്റ് ഓർഡറിന്റെ ഭാഗമായി കാലിക്കറ്റ് പാരഗൺ 600ലേറെ പേർക്ക് സദ്യ നൽകി. മലബാർ ടിഫിൻ ഹൗസിനും 800 പേർ വരെയുള്ള കോർപറേറ്റ് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഷെയ്ഖ് സായിദ് റോഡിലെ മലബാർ സ്ട്രീറ്റ് ഫുഡ് ഉൾപ്പെടെ ചില റെസ്റ്ററന്റുകൾ നേരത്തെ തന്നെ ഡൈനിങ് ഉപഭോക്താക്കൾക്കായി സദ്യ ആരംഭിച്ചു.

30 വരെ വിഭവങ്ങൾ

കേരളത്തിന്റെ പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ ഓണത്തിലെ പ്രധാന ആകർഷണമാണ് വാഴയിലയിൽ വിളമ്പുന്ന സദ്യ. 30 വരെ വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിൽ ചോറിനൊപ്പം വിവിധ കറികൾ, പച്ചടി, കിച്ചടി, തോരൻ, അവിയൽ തുടങ്ങിയവയും അവസാനം പായസവും ഉൾപ്പെടും. ഓഗസ്റ്റ് 26നാണ് ഇത്തവണ തിരുവോണം.

1.5 ലക്ഷം സദ്യ; ഒരു ലക്ഷം ലിറ്റർ പായസം

ഗൾഫ് രാജ്യങ്ങളിലാകെ ലുലു ഗ്രൂപ്പ് 1.5 ലക്ഷത്തിലേറെ ഓണസദ്യകളും ഒരു ലക്ഷം ലിറ്ററിലേറെ പായസവും ഒരുക്കുന്നുണ്ട്. ഓൺലൈൻ, സ്റ്റോർ ബുക്കിങ്ങുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.

ആഴ്ചകൾക്ക് മുമ്പേ ഒരുക്കങ്ങൾ ആരംഭിച്ചു. നൂറിലേറെ വിദഗ്ധ പാചകക്കാർ സദ്യ വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെയും പ്രമുഖ ഷെഫ് സുരേഷ് പിള്ളയുടെയും നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽനിന്നുള്ള 2,500 ടണ്ണിലേറെ പുതിയ ചേരുവകളും പ്രത്യേക ചാർട്ടർ വിമാനങ്ങളിലൂടെ എത്തിക്കുന്നുണ്ട്.

25ലേറെ ഇനം പായസങ്ങളാണ് ലുലു ഒരുക്കുന്നത്. മാങ്ങ, ചക്ക, നെയ്യ്, അട, ഗോതമ്പ് തുടങ്ങിയ പായസങ്ങൾ ഇതിൽ ഉൾപ്പെടും. പായസോത്സവം ഓഗസ്റ്റ് 30 വരെ തുടരും. ഓണക്കേക്കുകൾ, പേസ്ട്രികൾ, ചിപ്സ്, ഐസ്ക്രീം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

30,000 സദ്യ വരെ

പാരഗൺ ഗ്രൂപ്പിന്റെ ഏഴ് ഔട്ട്‌ലെറ്റുകളിലായി 25,000 മുതൽ 30,000 വരെ സദ്യകൾ വിളമ്പാനാണ് ലക്ഷ്യമിടുന്നത്. 450 പേർക്ക് സദ്യ ഒരുക്കാൻ മാത്രം 70 കിലോയിലേറെ അരി വേണ്ടിവരും. പാചകത്തിന് മൂന്ന് മുതൽ നാല് മണിക്കൂർ വരെ വേണ്ടിവരുമ്പോൾ പച്ചക്കറി അരിയുന്നതും അച്ചാറുകൾ തയ്യാറാക്കുന്നതുമുൾപ്പെടെയുള്ള ജോലികൾക്ക് രണ്ട് മുതൽ മൂന്ന് മണിക്കൂർ കൂടി ആവശ്യമാണ്.

മലബാർ ടിഫിൻ ഹൗസ് ഹെഡ് ഷെഫ് മുഹമ്മദ് അനീസ് സദ്യ ഒരുക്കുന്നതിനെ ഓർക്കസ്ട്രയോട് ഉപമിച്ചു. കൃത്യമായ ആസൂത്രണവും അധ്വാനവും പതുക്കെയുള്ള പാചകവുമാണ് സദ്യയുടെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇയിൽ പത്ത് ലക്ഷത്തിലേറെ കേരളീയരുള്ളതിനാൽ ഓണസദ്യയ്ക്ക് എല്ലാ വർഷവും വലിയ ആവശ്യമാണ്. ഇത്തവണ നീണ്ട വാരാന്ത്യ അവധി കൂടി ലഭിക്കുന്നതിനാൽ തിരക്ക് കൂടുതലാകുമെന്നാണ് റെസ്റ്ററന്റുകളുടെ പ്രതീക്ഷ.

വാഴയിലയ്ക്ക് 35–40 ശതമാനം വില വർധന

തിരുവോണദിനത്തിൽ മാത്രം കാലിക്കറ്റ് പാരഗണിന്റെ കരാമ ശാഖയിൽ രാവിലെ 11.30 മുതൽ വൈകിട്ട് 3.30 വരെ ഏകദേശം 4,000 പേർക്ക് സദ്യ നൽകും. ജീവനക്കാർക്ക് വിശ്രമം നൽകുന്നതിനായി അന്ന് രാത്രി റെസ്റ്ററന്റ് അടച്ചിടും.

മലയാളികൾക്ക് പുറമെ വിവിധ രാജ്യക്കാരും യുഎഇയിലെ റെസ്റ്ററന്റുകളിൽ ഓണസദ്യ ആസ്വദിക്കുന്നുണ്ട്. കൊറിയക്കാർ, ജപ്പാൻകാർ, യൂറോപ്യന്മാർ, അമേരിക്കക്കാർ തുടങ്ങിയവരും സദ്യ കഴിക്കാനെത്തുന്നുണ്ടെന്നും ചിലർ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന രീതിയും പഠിച്ചിട്ടുണ്ടെന്നും റെസ്റ്ററന്റ് അധികൃതർ പറഞ്ഞു.

അതേസമയം, ഇത്തവണ സദ്യയുടെ ചെലവ് ഉയർന്നിട്ടുണ്ട്. പച്ചക്കറികളുടെ വില വർധിച്ചതിനൊപ്പം വാഴയിലയുടെ വില 35 മുതൽ 40 ശതമാനം വരെ ഉയർന്നതായി റെസ്റ്ററന്റ് അധികൃതർ പറയുന്നു. മേഖലയിൽ തുടരുന്ന സംഘർഷം വിതരണ ശൃംഖലയെ ബാധിച്ചതാണ് പുതിയ പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വില കൂടാൻ കാരണമായത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!