എക്സൈസ് സംഘത്തെ കണ്ട് കായലിൽ ചാടി; യുവാവിന്റെ മൃതദേഹം കണ്ടെത്തി

News Desk
1 Min Read

വർക്കല: മഫ്ടിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടവ പൊട്ടക്കുളം മുഖ്മിന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ ഷഹാൻ (26) ആണ് മരിച്ചത്. വർക്കല ഫയർ ഫോഴ്സ് സംഘം നടത്തിയ തെരച്ചിലിൽ ബുധൻ രാവിലെ 10.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇടവ മങ്ങാട് കടവിൽ ചൊവ്വ പകൽ 2 നായിരുന്നു സംഭവം.

മങ്ങാട് കടവിന് സമീപം ഉൾപ്രദേശമായതിനാൽ ഇവിടെ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണ്. അഞ്ച് യുവാക്കൾ രാവിലെയോടെ ഇവിടെ എത്തിയിരുന്നു. ഇവർ ലഹരി ഉപയോഗിക്കുന്നതറിഞ്ഞ് എക്‌സൈസ് സംഘം എത്തുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടയുടൻ യുവാക്കൾ ഓടുകയും ഷഹാൻ കായലിൽ ചാടുകയും ചെയ്തു. മൂന്ന് പേർ രക്ഷപ്പെടുകയും ലഹരിയിലായിരുന്ന വെട്ടൂർ സ്വദേശി മുഹമ്മദ് എന്ന യുവാവിനെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 

സമീപത്തുണ്ടായിരുന്ന ബാഗിൽ നിന്ന് 5 ഗ്രാം എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. ബാഗിൽ നിന്ന് ലഭിച്ച ഐഡി കാർഡ് പ്രകാരം നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി അഭിജിത്തിന്റേതാണ് ബാ​ഗെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാക്കൾ വന്ന കാർ റോഡിലുണ്ടായിരുന്നു. പൂന്തുറ സ്വദേശിയുടേതാണ് കാർ എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article