പ്രണയം നടിച്ച് ഒരേ ക്ലാസിലെ 2 പെൺകുട്ടികളെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

News Desk
1 Min Read

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് ഒരേ ക്ലാസിൽ‌ പഠിക്കുന്ന 14 വയസ്സുള്ള രണ്ടു പെൺകുട്ടികളെ ഒരേദിവസം ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ.വി.അനുരാജിനെ(23)യാണ് പോക്സോ കേസിൽ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ മൊഴിയിൽ 2 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തു. കണ്ണൂർ തളിപ്പറമ്പ് സ്റ്റേഷനിലെ രണ്ടു പോക്സോ കേസുകളിലും ഇയാൾ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

ഇൻസ്റ്റഗ്രാം വഴി ആദ്യം ഒരു പെൺകുട്ടിയെയും പിന്നീട് ഈ കുട്ടിയുടെ ക്ലാസിൽ പഠിക്കുന്ന മറ്റൊരു പെൺകുട്ടിയെയും അനുരാജ് പരിചയപ്പെട്ടു. ഇരുവരുമായി അടുപ്പത്തിലായ ശേഷം നേരിൽ കാണണമെന്നും ഇല്ലെങ്കിൽ സ്വകാര്യ ചാറ്റുകൾ പുറത്തുവിടുമെന്നും നിരന്തരം ഭീഷണിപ്പെടുത്തി. ഒരേസമയം രണ്ടു പേരുമായും പ്രതിക്ക് അടുപ്പമുണ്ടായിരുന്ന വിവരം പെൺകുട്ടികൾക്ക് പരസ്പരം അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിൽനിന്നു പോത്തൻകോട് എത്തിയ പ്രതി, ആളില്ലാത്ത സമയം ആദ്യത്തെ പെൺകുട്ടിയുടെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ചു.

നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി ഈ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം വഴി രണ്ടാമത്തെ പെൺകുട്ടിയെയും വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നാട്ടിലേക്കു മടങ്ങിയ പ്രതി ഇവരുടെ ക്ലാസിൽ പഠിക്കുന്ന മറ്റൊരു പെൺകുട്ടിയെക്കൂടി കുടുക്കാൻ ശ്രമിച്ചതോടെയാണ് ഇരുവരും പീഡനം വെളിപ്പെടുത്തിയത്. കണ്ണൂരിൽനിന്നു പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

……

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article