പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്‌: മുന്നറിയിപ്പുമായി അധികൃതർ

News Desk
1 Min Read

ദുബായ് : പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത്‌ തൊഴിലന്വേഷകരെ തട്ടിപ്പിനിരയാക്കുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. വ്യാജ ജോലി വാഗ്ദാനം നൽകി ആളുകളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറപ്പിച്ചോ നിലവിലുള്ള അക്കൗണ്ടുകൾ ഉപയോഗിച്ചോ അനധികൃതമായി സമ്പാദിച്ച പണം കൈമാറ്റം ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി. ​സമൂഹമാധ്യമത്തിലുള്ള പാർട്ട് ടൈം ജോലി പരസ്യം വിശ്വസിച്ച് അപേക്ഷിച്ച യുവാവിന്റെ അനുഭവവും ദുബായ് പൊലീസ് പങ്കുവച്ചു.

പ്രാഥമികമായി തെരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ച ശേഷം ധനകാര്യ സേവന സ്ഥാപനത്തിന്റെ പേരിൽ ബന്ധപ്പെട്ട തട്ടിപ്പുകാർ, “ഭരണപരമായ ആവശ്യങ്ങൾക്കായി’ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കാനോ നിലവിലുള്ള അക്കൗണ്ട് ഉപയോഗിക്കാനോ യുവാവിനോട് ആവശ്യപ്പെട്ടു. ​

തുടർന്ന് വിവിധതുകകൾ യുവാവിന്റെ അക്കൗണ്ടിലേക്ക് എത്തുകയും അവ മറ്റൊരു അക്കൗണ്ടിലേക്ക് ഉടൻ കൈമാറാൻ നിർദേശിക്കുകയും ചെയ്തു. ഓരോ പണമിടപാടിനും കമീഷനും സ്ഥിരജോലിയും വാഗ്ദാനം ചെയ്തതോടെ നിയമാനുസൃത ജോലിയാണെന്ന് കരുതി നിർദേശങ്ങൾ പാലിച്ചു. ​എന്നാൽ, സംശയാസ്പദമായ ബാങ്ക് ഇടപാടുകൾ പരിശോധിച്ച പൊലീസ് യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. താൻ തട്ടിപ്പ് സംഘത്തിനുവേണ്ടിയാണ് പ്രവർത്തിച്ചതെന്ന കാര്യം അറിയില്ലായിരുന്നുവെന്നും നിയമാനുസൃത ജോലിയാണെന്ന് കരുതിയാണ് പണം കൈമാറിയതെന്നും യുവാവ് മൊഴിനൽകിയതായി പൊലീസ് വ്യക്തമാക്കി.

​പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണം. അംഗീകൃത സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്തണം. വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും അപരിചിതരുമായി പങ്കുവയ്‌ക്കരുത്‌. ജോലി വാഗ്‌ദാനത്തിന്റെ പേരിൽ പണം കൈമാറരുതെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article