57-കാരി വീടിനുള്ളിൽ മരിച്ച വിവരം അറിഞ്ഞത് ഒരു വർഷത്തിന് ശേഷം; അസ്ഥികൂടം കണ്ടെത്തി

News Desk
1 Min Read

ബാംഗളൂരു: ബാംഗളൂരുവിൽ വർഷങ്ങളായി ഒറ്റക്ക് താമസിച്ചിരുന്ന 57 കാരി വീടിനുള്ളിൽ വച്ച് മരിച്ച വിവരം പുറംലോകം അറിയുന്നത് ഒരു വർഷത്തിന് ശേഷം. പൊലീസ് പരിശോധനയിൽ വീടിനുള്ളിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയിട്ടുണ്ട്. ഹവാനൂർ ലേഔട്ടിലെ താമസക്കാരിയായ ദാക്ഷായണിയാണ് മരിച്ചത്. സംഭവം പുറത്തറിയുന്നത് വെള്ളിയാഴ്ചയാണ് വർഷങ്ങളായി വീട്ടിൽ ഒറ്റക്കാണ് ദാക്ഷായണി താമസിച്ചിരുന്നത്.

സമീപത്തുള്ളവരുമായി കാര്യമായി ബന്ധമില്ലാതിരുന്ന ഇവരെ പുറത്ത് കാണാതായപ്പോഴും അയൽവാസികൾക്ക് കാര്യമായ സംശയമൊന്നും തോന്നിയിരുന്നില്ല. ഇതാണ് മരണം അറിയാതെ പോവാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വീടിന് സമീപത്ത് നിന്ന് ദുർഗന്ധം വന്നത് ശ്രദ്ധയിൽപ്പെട്ട് ഒരാൾ പൊലീസ് ഹെൽപ്പ് ലൈനിൽ വിളിച്ച് പറഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പോഴും മരിച്ച വിവരം പുറംലോകം അറിയില്ലായിരുന്നു. പരാതിയെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. ഒരു വർഷത്തോളം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമമം. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.

ദാക്ഷായണിയുടെ സഹോദരൻ മഹേഷ് ബസപ്പ ഗൊരവാനകൊല്ല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 194 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇത്രയും ദീർഘനാളായി മരണം ആരുമറിയാതെ പോയത് എങ്ങനെയെന്നും മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article