ന്യൂഡൽഹി: തർക്കത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി. തുടർന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം നശിപ്പിച്ച് തെളിവു നശിപ്പിക്കാൻ ശ്രമം. ഇതിനെല്ലാം പ്രചോദനമായത് ഒരു ക്രൈം വെബ് സീരീസും. ഈസ്റ്റ് ഡൽഹിയിലാണ് വെബ് സീരീസിലെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. സ്വത്തു തർക്കത്തെ തുടർന്ന് 62കാരനായ കമൽ സിങ്ങാണ് ഭാര്യ കോമൾ സിങ്ങിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട ഇയാൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും ദിവസങ്ങൾക്കുശേഷം പിടിയിലായി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജൂലൈ 30നാണ് കൊലപാതകം നടക്കുന്നത്. കമലിന്റെയും കോമളിന്റെയും മകൻ ലൈബ്രറിയിലേക്കും മകൾ ജോലിക്കും പോയിക്കഴിഞ്ഞ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്, ബാൽക്കണിയിൽ തുണി ഉണക്കുകയായിരുന്ന കോമളിന്റെ തലയിൽ കമൽ വാളുപയോഗിച്ച് അടിക്കുകയായിരുന്നു. എന്നാൽ ഈ അടിയിൽ കോമളിന്റെ ബോധം നഷ്ടമായില്ല. ഇവർ നിലവിളിച്ച് അടുക്കളയിലേക്ക് ഓടിയൊളിക്കാൻ ശ്രമിച്ചപ്പോൾ പിന്നാലെയെത്തിയ കമൽ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് സ്വീകരണ മുറിയിലേക്ക് കൊണ്ടുവരുകയും കത്രിക കൊണ്ട് പലതവണ കോമളിനെ കുത്തുകയുമായിരുന്നു. കോമളിന്റെ നിലവിളി സമീപവാസികളിൽ പലരും കേട്ടെങ്കിലും ആരും ഇടപെട്ടില്ല. കമലിന്റെ പിതാവും നിലവിളി ശബ്ദം കേൾക്കുകയും വീട്ടിൽ ചെന്നുനോക്കാൻ ഭാര്യയോടു പറയുകയും ചെയ്തിരുന്നു. എന്നാൽ മകന്റെ കുടുംബകാര്യത്തിൽ ഇടപെടേണ്ടെന്നായിരുന്നു ഭാര്യയുടെ മറുപടി.
കോമളിനെ കൊന്നതിനുശേഷം കുളിച്ചു വൃത്തിയായ കമൽ തന്റെ വസ്ത്രങ്ങളും കൊലയ്ക്ക് ഉപയോഗിച്ച വാളും ഒരു കവറിലാക്കി സ്കൂട്ടറിൽ പുറത്തേക്ക് പോയി. മാർഗമധ്യേ കവർ ഉപേക്ഷിച്ചു. കോമളിന്റെ മുറിയിൽനിന്ന് 5 ലക്ഷം രൂപ ഇയാൾ കൈക്കലാക്കിയിരുന്നു. തുടർന്ന് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 7 ലക്ഷം രൂപയും പിൻവലിച്ചു. ആകെ 12,75,000 രൂപയുമായാണ് കമൽ കടന്നത്.
തുടക്കത്തിൽ മൊബൈൽ ഫോൺ ഓൺ ചെയ്തശേഷം ഗൊരഖ്പുർ ഭാഗത്തേക്കുപോയി. നേപ്പാളിലേക്കു പോകുന്നുവെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. പിന്നീട് ഗൊരഖ്പുരിൽ എത്തിയതിനുശേഷം ഫോൺ ഓഫ് ചെയ്യുകയും മഥുര ഭാഗത്തേക്കു പോകുകയും ചെയ്തു. എന്നാൽ മൂന്നുദിവസത്തിനുശേഷം ഡൽഹി പൊലീസ് ഇയാളെ മഥുര റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റു െചയ്തു. ചോദ്യം ചെയ്യലിലാണ് കൊലപാതകം, രക്ഷപ്പെടാനുള്ള പദ്ധതി, തെളിവു നശിപ്പിക്കൽ എന്നിവ ആസൂത്രണം ചെയ്തത് ദ് സ്റ്റെയർകേസ്’ എന്ന വെബ് സീരീസിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണെന്ന് ഇയാൾ പൊലീസിനോടു വെളിപ്പെടുത്തിയത്.
ഏറെനാളുകളായി കോമളും കമലും അകൽച്ചയിലായിരുന്നെന്ന് പൊലീസ് പറയുന്നു. മറ്റൊരു സ്ത്രീയുമായി കമലിനുണ്ടായ ബന്ധത്തെ തുടർന്ന് ഇരുവരും അകന്നിരുന്നു. കൂടാതെ, ജഗത്പുരിയിൽ തന്റെ പിതാവിന്റെ പേരിൽ ഭൂമി വാങ്ങാൻ കമൽ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ ഇതിന്റെ പങ്ക് വേണമെന്ന് കോമൾ ആവശ്യപ്പെട്ട് തർക്കത്തിനിടയാക്കിയെന്നും പൊലീസ് പറഞ്ഞു. ഇരുവരും ഒരു വീട്ടിലാണ് താമസിച്ചിരുന്നതെങ്കിലും വൈദ്യുതി ബിൽ രണ്ടുപേരും പ്രത്യേകമാണ് അടച്ചിരുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
