പന്ത്രണ്ടുകാരിയെ കൂട്ടിക്കൊണ്ടു പോയ യുവാവിനെതിരെ പോക്സോ ചുമത്തി

News Desk
2 Min Read

കൊച്ചി: നാല് ദിവസം മുൻപ് ആലുവ ആലങ്ങാട് കരുമാലൂരിൽ നിന്നു കാണാതായ 12 വയസ്സുകാരിക്കൊപ്പമുണ്ടായിരുന്ന യുവാവിനെതിരെ പോക്സോ കേസ് ചുമത്തി. കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യൻ തറ വീട്ടിൽ അഭിജിത്തിനെയാണ് (25) പോക്സോ, തട്ടിക്കാണ്ടു പോകൽ വകുപ്പുകൾ അടക്കം ചുമത്തി റിമാൻഡ് ചെയ്തത്.

2023ൽ ഓച്ചിറ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ലഹരി കേസിൽ പ്രതി കൂടിയാണ് അഭിജിത്. ഇയാളുടെ ഡല്‍ഹിയിലുള്ള സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കൊപ്പം പൂണെയിൽ നിന്നാണ് ചൊവ്വാഴ്ച കുട്ടിയെ കണ്ടെത്തിയത്. കുട്ടിയിൽ നിന്ന് രഹസ്യമൊഴിയെടുത്ത ശേഷം വീട്ടുകാർക്കൊപ്പം വിട്ടു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കരുമാലൂർ സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. കൂട്ടുകാരിയിൽ നിന്ന് പുസ്തകം വാങ്ങാനെന്നു പറഞ്ഞുപോയ കുട്ടി വൈകിയിട്ടും എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് രണ്ടു സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് പുണെയിൽ നിന്ന് യുവാവിനൊപ്പം കണ്ടെത്തിയത്.

യുവാവിന്റെ നിർദേശപ്രകാരം പെൺകുട്ടി തന്റെ പക്കലുണ്ടായിരുന്ന അമ്മയുടെ മൊബൈൽ ഫോൺ ഓഫ് ചെയ്തിരുന്നു. എന്നാൽ ഒന്നു രണ്ടു തവണ ഫോൺ ഓൺ ആക്കിയപ്പോൾ മൊബൈലിന്റെ ലൊക്കേഷൻ കാസർകോട്, മംഗലാപുരം, മുംബൈയിലെ ധാരാവി എന്നിവിടങ്ങളിലായി സൈബർ പൊലീസിനു ലഭിച്ചു.

നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിക്ക് യുവാവുമായി അടുപ്പമുണ്ടെന്നത് പൊലീസ് കണ്ടെത്തിയത്. തുടർന്ന് യുവാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇരുവരും പൂണെ ഭാഗത്തേക്കാണ് പോകുന്നതെന്നു മനസിലാക്കിയതും നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്ന് ഇരുവരെയും കണ്ടെത്തിയതും.

ഇൻസ്റ്റഗ്രാം വഴിയാണ് യുവാവും കുട്ടിയും പരിചയപ്പെടുന്നത്. അഭിജിത്തിന്റെ സുഹൃത്ത് ഡൽഹിയിൽ ഉണ്ടെന്ന് പറഞ്ഞാണ് കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് എന്നാണ് വിവരം. ഡൽഹിയിലുള്ള സുഹൃത്തിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കാർ മാർഗം പൂണെയിൽ നിന്ന് പുറപ്പെട്ട എസ്ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു രാവിലെയാണ് ആലങ്ങാട് തിരിച്ചെത്തിയത്. തുടർന്ന് അഭിജിത്തിനെ ചോദ്യം ചെയ്യുകയും കുട്ടിയിൽ നിന്ന് രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. ചെറായി അടക്കം സമീപ പ്രദേശങ്ങളിലെ ബീച്ചുകളിൽ ഐസ്ക്രീം വ്യാപാരം നടത്തുകയാണ് അഭിജിത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article