ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി (68) കെട്ടിടത്തിൽനിന്നും വീണു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ലക്നൗവിലെ ഹസ്രത്ഗഞ്ചിലെ യുപി എംഎൽഎമാർക്ക് താമസിക്കാൻ നിർമിച്ച കെട്ടിടസമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്നും നാനക് റാം വീണത്.
ബിജെപി ഒബിസി മോർച്ചയുടെ യുപി സംസ്ഥാന സെക്രട്ടറിയായിരുന്നു. കെട്ടിടത്തിനു മുകളിൽനിന്നും ഒരാൾ വീണതായി പൊലീസ് ഔട്ട്പോസ്റ്റിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെത്തി നാനക് റാമിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉച്ചയ്ക്ക് 2.35 ഓടെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നാനക് റാം മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം നാനക് റാം താഴേക്ക് വീണ കെട്ടിടത്തിൽ അദ്ദേഹത്തിനു മുറി അനുവദിച്ചിരുന്നില്ലെന്നും എങ്ങനെ അവിടെ എത്തി, എന്തിന് എത്തി എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. നാനക് റാം ഏറെ നാളായി വിഷാദ രോഗിയായിരുന്നെന്നും എംഎൽഎമാരുടെ താമസസ്ഥലത്ത് ചുറ്റിത്തിരിയുന്നത് പതിവായിരുന്നെന്നും പ്രാഥമിക അന്വേഷണത്തിൽ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. അപകടം സംഭവിച്ച സ്ഥലത്തെ സിസിടിവി ക്യാമറകൾ അടക്കം പരിശോധിക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചു.
2006ലാണ് നാനക് റാം യുപി മന്ത്രിയായത്. പിന്നീട് സമാജ്‌വാദി പാർട്ടിയിൽനിന്നും ബിജെപിയിലേക്ക് ചേർന്നു. ഉത്തർപ്രദേശിലെ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
