എഐ, ടെലഗ്രാം എന്നിവ ഉപയോഗിച്ച് വ്യാജ ബാങ്കിംഗ് ആപ്ലിക്കേഷനുകളും മാല്‍വെയര്‍ അടങ്ങിയ APK ഫയലുകളും നിര്‍മ്മിച്ച് രാജ്യത്തുടനീളമുള്ള സൈബര്‍ കുറ്റവാളികള്‍ക്ക് നല്കിയ സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ 18-കാരനെ ഗുജറാത്തിലെ സൂറത്ത് സൈബര്‍ ക്രൈം സെല്‍ അറസ്റ്റ് ചെയ്തു.
പ്ലസ് വണ്ണില്‍ പഠനം നിര്‍ത്തിയ യുവാവ് എഐ സാങ്കേതികവിദ്യയും ടെലഗ്രാമും ഉപയോഗിച്ച് ഇത്തരം സങ്കീര്‍ണ്ണമായ വ്യാജ ടൂളുകള്‍ വികസിപ്പിക്കുകയായിരുന്നു. കാൺപൂർ സ്വദേശിയായ രോഹിത് വീരേന്ദ്ര സിംഗ് ഷാക്യ ആണ് തിങ്കളാഴ്ച അറസ്റ്റിലായത്. 16-ാം വയസ്സു മുതല്‍ എഐ ടൂളുകളുടെയും ടെലഗ്രാമിന്റെയും സഹായത്തോടെ ഇയാള്‍ ഇത്തരം ആപ്പുകള്‍ നിര്‍മ്മിച്ചു തുടങ്ങിയിരുന്നു. ഫോണുകളുടെ നിയന്ത്രണം കൈക്കലാക്കാനും ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്താനും സഹായിക്കുന്ന ആപ്പുകളായിരുന്നു ഇവ. ജാര്‍ഖണ്ഡിലെ ജാ മ്താഡ, ഹരിയാന, രാജസ്ഥാന് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ കുറ്റവാളി സംഘങ്ങള്‍ ഇയാളില്‍ നിന്നാണ് ഈ വൈറസ് ബാധിത ആപ്പുകള്‍ വാങ്ങിയിരുന്നത്.
സൂററ്റില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സൈബര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനിടയിലാണ് ഈ നെറ്റ് വര്‍ക്കിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഔദ്യോഗിക ആപ്പായ ‘PNB One’ ന് സമാനമായ ഒരു APK ഫയല്‍ വാട്ട്സ്ആപ്പിലൂടെ ഒരു വ്യക്തിക്ക് ലഭിച്ചു. ഔദ്യോഗിക ആപ്പാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തതോടെ മൊബൈല്‍ ഫോണ്‍ കുറ്റവാളികളുടെ നിയന്ത്രണത്തിലാവുകയും മിനിറ്റുകള്‍ക്കുള്ളില്‍ പ്രൈം കോ-ഓപ്പറേറ്റീവ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ യൂണിയന് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റപ്പെടുകയും ചെയ്തു.
പരാതിയെത്തുടര്‍ന്ന് സൂറത്ത് സൈബര്‍ ക്രൈം സെല്‍ നടത്തിയ അന്വേഷണം ഒടുവില്‍ തട്ടിപ്പിന്റെ സൂത്രധാരനിലേക്ക് എത്തിച്ചേര്‍ന്നു. കാണ്‍പൂരിലെ ഒരു ഹോട്ടലില്‍ വെച്ച് പൊലീസ് സംഘവും ഐടി വിദഗ്ധരും ചേര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
പ്രധാനമായും രണ്ട് തരം ആപ്ലിക്കേഷനുകളാണ് ഇയാള്‍ വികസിപ്പിച്ചിരുന്നത്.
ഇരകളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ആപ്പ്, കുറ്റവാളികള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള അഡ്മിന് ആപ്പ് എന്നിവ. അഡ്മിന് ആപ്പ് വഴി തട്ടിപ്പുകാര്‍ക്ക് ഇരകളുടെ ഫോണിലേക്ക് വരുന്ന OTP-കള്‍, ബാങ്കിംഗ് വിവരങ്ങള്‍ തുടങ്ങിയവ തത്സമയം ചോര്‍ത്താന്‍ സാധിക്കുമായിരുന്നു.
ഒരു സബ്സ്ക്രിപ്ഷന് രീതിയിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. സോഫ്റ്റ്വെയര് നിര്‍മ്മിച്ചു നല്‍കുന്നതിന് ആദ്യപടിയായി 15,000 രൂപയും, തുടര്‍സ സേവനങ്ങള്‍ക്കായി പ്രതിമാസം 15,000 രൂപ വീതവും ഇയാള്‍ കുറ്റവാളികളില്‍ നിന്ന് ഈടാക്കിയിരുന്നു. ആവശ്യക്കാര്‍ക്കനുസരിച്ച് ബാങ്കുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പ്രമുഖ കമ്പനികള്‍ എന്നിവയുടെ പേരില്‍ വ്യാജ ആപ്പുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. PNB, SBI, Axis Bank, UCO Bank, BigBasket, American Express, RTO ചലാന്‍ സര്‍വീസുകള്‍ എന്നിവയുടെ വ്യാജ ആപ്പുകളും പേയ്മെന്റ് ലിങ്കുകളും ഇത്തരത്തില്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ഈ നെറ്റ്വര്‍ക്കുമായി ബന്ധമുള്ള മറ്റ് വ്യക്തികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
