കാസര്‍കോട്ടുകാരന്‍ എന്തിനാ കണ്ണൂരില്‍ വിമാനം ഇറങ്ങിയത്? ‘നഗ്നനായി നിര്‍ത്തി പരിശോധിച്ചു, കള്ളക്കടത്തുകാരനായി ചിത്രീകരിച്ചു’; കസ്റ്റംസിനെതിരെ പരാതിയുമായി യുവാവ്

malayalampress
1 Min Read

കാസര്‍കോട്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി യുവാവ് രംഗത്ത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് യുവാവിന്റെ പരാതി. പരിശോധനയുടെ പേരില്‍ ക്രൂരമായി അധിക്ഷേപിച്ചെന്നാണ് കാസര്‍കോട് സ്വദേശി മഹ്ഷാദ് ആരോപിക്കുന്നത്. നഗ്‌നനായി നിര്‍ത്തി അധിക്ഷേപിച്ചെന്നും യുവാവിന്റെ ആരോപണമുണ്ട്.

ആളുകള്‍ നോക്കി നില്‍ക്കെ കള്ളക്കടത്തുകാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. കാസര്‍കോട്ടുകാരന്‍ എന്തിനാ കണ്ണൂരില്‍ വിമാനം ഇറങ്ങിയത് എന്ന് ചോദിച്ചായിരുന്നു നടപടിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പ്രവാസി എന്ന നിലയില്‍ ഇതുവരെ ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും മഹ്ഷാദ് പറയുന്നു. മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മീഷണര്‍ക്കുമാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്.

ദുബായില്‍ ഐ ടി മാനേജറായ മഹ്ഷാദ് ഞായറാഴ്ച്ചയാണ് നാട്ടില്‍ എത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുറേ നാളുകളായി ഇദ്ദേഹത്തിന് നാട്ടില്‍ എത്താന്‍ സാധിച്ചിരുന്നില്ല. കണ്ണൂര്‍ വഴിയുള്ള വിമാന ടിക്കറ്റ് നിരക്കില്‍ കുറവ് കണ്ടത് കൊണ്ടായിരുന്നു മഹ്ഷാദ് അതുവഴി വരാന്‍ തീരുമാനിച്ചിരുന്നത്. രാവിലെ 9 മണിയോടെ എത്തി മറ്റെല്ലാ ക്ലിയറന്‍സും പൂര്‍ത്തിയാക്കിയിരുന്നു. പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തിയെന്നും മുറിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെന്നും ഇദ്ദേഹം പറയുന്നു. തുടര്‍ന്ന് തന്റെ വസ്ത്രങ്ങള്‍ അഴിച്ച് പരിശോധിച്ചെന്നാണ് യുവാവ് പറയുന്നത്.

എന്ത് കൊണ്ടാണ് കാസര്‍കോട് സ്വദേശിയായ ഇയാള്‍ കണ്ണൂര്‍ വഴി വന്നത് എന്ന് ചോദിച്ചതിന് ശേഷമായിരുന്നു പരിശോധന. ഏത് എയര്‍പ്പോട്ടിലൂടെയും വരാമല്ലോ എന്ന് യുവാവ് മറുപടി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് ക്രൂരമായ നടപടി എന്നാണ് ആരോപണം. പരിശോധനയ്ക്ക് ശേഷം തന്നില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ സാധിക്കാതെ തിരിച്ചിറങ്ങിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ചിരിക്കുകയും തന്നെ പരിഹസിക്കുകയും ചെയ്‌തെന്നും യുവാവ് പറയുന്നു. കേരളത്തിലെ ഒരു വിമാനത്താവളത്തില്‍ നിന്ന് ഇത്തരം ഒരു അനുഭവം ഉണ്ടാകുമെന്ന് കരുതിയില്ലെന്നാണ് മഹ്ഷാദ് പറയുന്നത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായല്ല കസ്റ്റംസ് പരിശോധനയെന്നും സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് ഇതില്‍ കൃത്യമായ നടപടി വേണമെന്നുമാണ് മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മീഷ്ണര്‍ക്കും മഹ്ഷാദ് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article