റിയാദ്: സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദി എയര്‍ലൈന്‍സ് ജിദ്ദ – കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കാന്‍ തീവ്ര ശ്രമം തുടങ്ങിയതായി മലബാര്‍ ഡെവലപ്മെന്റ് ഫോറം അറിയിച്ചു. വിന്റര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ഒക്ടോബർ അവസാന വാരത്തില്‍ സര്‍വീസ് തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി എം. ഡി. എഫ് പ്രസിഡന്റ് കെ എം ബഷീര്‍ അറിയിച്ചു. ദിവസവും രണ്ട് വീതം സര്‍വീസിന് സാധ്യത ഉണ്ടെന്നും ഇത് മലബാറിലെ പ്രവാസികള്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും വലിയ അനുഗ്രഹമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുമ്പ് സഊദി എയര്‍ലൈന്‍സ് വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് ജിദ്ദയില്‍ നിന്നും നേരിട്ടും റിയാദ്, ദമ്മാം വഴിയും കോഴിക്കോട് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍, 2020 ല്‍ കരിപ്പൂരില്‍ ഉണ്ടായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് സഊദി എയര്‍ലൈന്‍സ്, എയർ ഇന്ത്യന്‍ ജംബോ എന്നിവയുടെ കോഴിക്കോട് സര്‍വീസ് നിര്‍ത്തുകയായിരുന്നു.
നിലവില്‍ സഊദി എയര്‍ലൈന്‍സ് ചെറിയ വിമാനം ഉപയോഗിച്ച് റിയാദ് – കോഴിക്കോട് സര്‍വീസ് നടത്തുന്നുണ്ട്. റിയാദില്‍ നിന്നും ജിദ്ദ ഉള്‍പ്പെടെ സഊദി അറേബ്യയുടെ എല്ലാ നഗരങ്ങളിലേക്കും കണക്ഷന്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ജിദ്ദ – കോഴിക്കോട് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് സഊദി എയര്‍ലൈന്‍സ് കോഡ് സി A321-XLR വിമാനം ഉപയോഗിച്ച് സര്‍വീസ് ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് വൈകാതെ ആരംഭിക്കുമെന്നും കെ. എം ബഷീര്‍ അറിയിച്ചു. നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്, ആകാശ എയര്‍, ഇന്‍ഡിഗോ എന്നിവ കോഴിക്കോട് – ജിദ്ദ സര്‍വീസ് നടത്തുന്നുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
