ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന സ്പെയിനിന്റെ ലോകകപ്പ് വിജയം 

News Desk
2 Min Read

2026 ജൂണ്‍ 19 ഞായറാഴ്ച രാത്രിയിലെ കുറച്ചു മണിക്കൂറുകള്‍. വെടിവെപ്പിന്റേയും സ്‌ഫോടനങ്ങളുടേയും നിലക്കാത്ത ഭീകര ശബ്ദങ്ങള്‍ ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് വഴിമാറിയ ഗസ്സയിലെ അപൂര്‍വ്വ നിമിഷങ്ങള്‍. മുകളിലാകാശത്ത് മരണത്തിന്റെ തീമഴകള്‍ വര്‍ഷിക്കുമെന്ന ഭയപ്പാടുകളെ അരികിലേക്ക് മാറ്റിവെച്ച്, തകര്‍ന്നടിഞ്ഞ വീടുകളുടെ ശേഷിപ്പുകള്‍ക്കിടയില്‍, കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കിടയില്‍ അവര്‍ കൂട്ടം ചേര്‍ന്നിരുന്നു. 

മധ്യ ഗസ്സയിലെ നുസൈറത്ത് അഭയാര്‍ത്ഥി ക്യാംപിലുടനീളം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കഫേകള്‍ക്കുള്ളില്‍ ചെറിയ ചെറിയ ജനക്കൂട്ടങ്ങള്‍. 
അമേരിക്കയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നിന്ന് തത്സമയം സംപ്രേഷണം ചെയ്ത ഫിഫ ലോകകപ്പ് ഫൈനല്‍ കാണിക്കുന്ന, മിന്നിമറയുന്ന ടെലിവിഷന്‍ സ്‌ക്രീനുകളിലായിരുന്നു അവരുടെ ശ്രദ്ധ മുഴുവന്‍.

ഓവര്‍ ടൈമിന്‍ 105ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെ മറികടന്ന് സ്‌പെയിനിന്റെ ഫെറാന്‍ ടോറസ് ഗോള്‍ നേടിയ ആ നിമിഷം….ലോകം മുഴുവന്‍ ഉദ്വേഗജനകമായി സ്‌ക്രീനുകളിലേക്ക് കണ്ണു നട്ടിരുന്ന ആ ഒരൊറ്റ നിമിഷം ഗസ്സയുടെ തെരുവോരങ്ങളില്‍ ആഘോഷങ്ങളുയര്‍ന്നു. ഗസ്സയെ സംബന്ധിച്ചിടത്തോളം ഫുട്‌ബോള്‍ മൈതാനത്തിന്റെ കളിയാരവങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്നതായിരുന്നു ഈ ആഘോഷ നിമിഷം. അവരുടെ ഫുട്‌ബോള്‍ മികവ് കൊണ്ട് മാത്രമല്ല, മറിച്ച് ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന കൂട്ടക്കൊലകള്‍ക്കെതിരെ ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി ആ രാജ്യം മാറിയതുകൊണ്ട് കൂടിയാണ് തങ്ങള്‍ സ്‌പെയിനിനെ പിന്തുണച്ചത് എന്നാണ് മത്സരം കാണാന്‍ ഒത്തുകൂടി ആ ജനക്കൂട്ടം പ്രതികരിച്ചത്. 

ഫലസ്തീന്‍ പതാക ഉയര്‍ത്തി ഇസ്‌റാഈലിനെതിരായ ശബ്ദമായി ലാമിന്‍ യമാല്‍ നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം ഫലസ്തീന്‍ വിഷയത്തിലുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് സ്‌പെയിന്‍.

തുടര്‍ച്ചയായ ബോംബാക്രമണങ്ങള്‍ക്കും പലായനങ്ങള്‍ക്കും മാനുഷിക പ്രതിസന്ധികള്‍ക്കും ഇടയില്‍ കഴിയുന്ന ഫലസ്തീനികള്‍ക്ക് ലോകകപ്പ് ഫൈനല്‍ അപൂര്‍വ്വമായൊരു ആശ്വാസ നിമിഷമാണ് സമ്മാനിച്ചിരിക്കുന്നത്. അശാന്തിയുടെ നോവുകളെ മാറ്റി നിര്‍ത്തി നൂറു കണക്കായവര്‍ ഫൈനല്‍ കാണാനായി ഒന്നിച്ചിരിക്കുന്ന ആ കാഴ്ച കാണുന്നവരുടെ കണ്ണിനിമ്പം തന്നെയാണ്. പകുത്തെടുക്കുന്ന വേദനകള്‍ക്ക് മേല്‍ പതിക്കുന്ന ഇളംതണുപ്പ്. 

ഫലസ്തീനികളോട് രാജ്യം പുലര്‍ത്തുന്ന ദീര്‍ഘകാല പിന്തുണ മുന്‍നിര്‍ത്തിയാണ് തങ്ങള്‍ സ്‌പെയിനിനെ പിന്തുണയ്ക്കാന്‍ ഒത്തുകൂടിയതെന്ന് നുസൈറത്തിലെ കാണികളിലൊരാളായ നുഅ്മാന്‍ അബ്ദുല്ല പറയുന്നു. 

‘വര്‍ഷങ്ങളായി ഫലസ്തീന്‍ ജനതയ്ക്കൊപ്പം നിലകൊള്ളുന്ന രാജ്യം എന്ന നിലയിലാണ് ഞങ്ങള്‍ സ്‌പെയിനിനെ പിന്തുണയ്ക്കാന്‍ ഒത്തുചേര്‍ന്നത്,’ അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍ പക്ഷത്ത് നിലയുറപ്പിച്ച രാജ്യങ്ങളോടുള്ള സമാധാനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും വിപുലമായ സന്ദേശം കൂടിയാണ് ഈ ഒത്തുചേരല്‍ നല്‍കുന്നത്. ഫലസ്തീനികള്‍ സമാധാനത്തോടെ ജീവിക്കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്- അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ ഇസ്‌റാഈല്‍ നരവേട്ടയുടെ തുടക്കം മുതല്‍ ഫലസ്തീന്‍ അവകാശങ്ങള്‍ക്കായി യൂറോപ്പില്‍ നിന്ന് ഏറ്റവും ശക്തമായി ശബ്ദമുയര്‍ത്തിയ രാജ്യമാണ് സ്‌പെയിന്‍. ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, മാനുഷിക സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുക, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് കീഴില്‍ ഉത്തരവാദിത്തം ഉറപ്പാക്കുക എന്നിവ ആവശ്യപ്പെട്ട് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇസ്‌റാഈലിന്റെ നടപടികളുടെ വ്യാപ്തിയെ ആവര്‍ത്തിച്ച് അപലപിച്ചിട്ടുണ്ട്.

2024 മെയ് മാസത്തില്‍, അയര്‍ലന്‍ഡിനും നോര്‍വേയ്ക്കുമൊപ്പം ഫലസ്തീന്‍ എന്ന രാജ്യത്തെ സ്‌പെയിന്‍ ഔദ്യോഗികമായി അംഗീകരിച്ചു. ഫലസ്തീന്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് ഈ അംഗീകാരം അത്യാവശ്യമാണെന്ന് അവര്‍ വാദിച്ചു. ഗസ്സയിലെ കൂട്ടക്കൊല തടയുന്നതിന് ശക്തമായ അന്താരാഷ്ട്ര നടപടികള്‍ക്കായി ആവശ്യപ്പെടുന്നത് മാഡ്രിഡ് തുടര്‍ന്നു, ഇത് പലപ്പോഴും മറ്റ് പാശ്ചാത്യ ഗവണ്‍മെന്റുകളുമായി അവരെ അഭിപ്രായവ്യത്യാസത്തിലാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article