- സഊദി അറേബ്യയെ നിഴലിലാഴ്ത്തി സമ്പൂർണ്ണ സൂര്യഗ്രഹണം ഓഗസ്റ്റ് രണ്ടിന്.
- വിവിധയിടങ്ങളിൽ മിനിറ്റുകളോളം അന്ധകാരം
റിയാദ്: 75 വർഷത്തിനിടയലെ അപൂർവ്വമായ ഒരു ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് 2027 ഓഗസ്റ്റ് 2ന് സഊദി അറേബ്യ സാക്ഷ്യം വഹിക്കുമെന്ന് സഊദി പ്രസ് ഏജൻസി അറിയിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണങ്ങളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. പകൽ വെളിച്ചത്തെ താൽക്കാലികമായി ഇല്ലാതാക്കുന്ന ശ്രദ്ധേയമായ ഒരു ആകാശ പ്രതിഭാസമായിരിക്കും ഇത്.
അബഹയിലും ജിദ്ദയിലും ആറ് മിനിറ്റോളം അന്ധകാരം
അബഹ പോലുള്ള ചില തെക്കൻ പ്രദേശങ്ങളിൽ ഏകദേശം ആറ് മിനിറ്റോളം പൂർണ്ണമായ ഇരുട്ട് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിദ്ദയിലും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ഏകദേശം അഞ്ച് മിനിറ്റും 50 സെക്കൻഡും നീണ്ടുനിൽക്കുന്ന പൂർണ്ണ ഗ്രഹണാവസ്ഥയായിരിക്കും ഉണ്ടാവുക. അസാധാരണമായ ഈ ദൈർഘ്യം, സുര്യൻ്റെ ബാഹ്യ അന്തരീക്ഷത്തെ കുറിച്ച് പഠിക്കാൻ ഗവേഷകർക്കും ജ്യോതിശാസ്ത്രപ്രേമികൾക്കും അപൂർവ്വമായ അവസരമാണ് സമ്മാനിക്കുക.
ചില പ്രദേശങ്ങളിൽ സൂര്യബിംബത്തിൻ്റെ 80 ശതമാനം വരെ മറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇത്രയും നീണ്ട ദൈർഘ്യം ലഭിക്കുന്നതിനാൽ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും സൂര്യന്റെ ബാഹ്യവലയമായ ‘സൗര കൊറോണ’യെക്കുറിച്ച് പഠിക്കാൻ ഇതൊരു സുവർണ്ണാവസരമായിരിക്കും.
അതേ സമയം, രാജ്യത്തിൻ്റെ മധ്യ, കിഴക്കൻ, വടക്കൻ മേഖലകൾ ഉൾപ്പെടെയുള്ള മറ്റ് ഭാഗങ്ങളിൽ ഭാഗിക സൂര്യഗ്രഹ ണമാണ് അനുഭവപ്പെടുക. ഇവിടെ സൂര്യൻ മറയ്ക്കപ്പെടുന്നതിൻ്റെ അളവിൽ വ്യത്യാസമുണ്ടാകുമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടി.
അതേസമയം, ഗ്രഹണത്തിൻ്റെ ദൈർഘ്യം, മറയുന്ന ഭാഗത്തിന്റെ അളവ്, കൃത്യമായ ആരംഭ അവസാന സമയങ്ങൾ എന്നിവ ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ സ്ഥാനത്തിനനുസരിച്ച് വ്യത്യാസപ്പെടും. എന്നാൽ, പൂർണ്ണഗ്രഹണാവസ്ഥ ഏറ്റവും കൂടുതൽ സമയം നീണ്ടുനിൽക്കുക അയൽരാജ്യമായ ഈജിപ്തിലായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗ്രഹണം നിരീക്ഷിക്കുമ്പോൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം എസ്.പി.എ എടുത്തുപറഞ്ഞു. കാഴ്ചശക്തി സംരക്ഷിക്കുന്നതിനും സുരക്ഷിതമായി ഗ്രഹണം കാണുന്നതിനും, അംഗീകൃത ഗ്രഹണ കണ്ണടകളോ ശരിയായ ഫിൽട്ടറുകൾ ഘടിപ്പിച്ച ടെലിസ്കോപ്പുകളോ ബൈനോക്കുലറുകളോ ഉപയോഗിക്കാതെ ഒരിക്കലും സൂര്യനിലേക്ക് നേരിട്ട് നോക്കരുതെന്നും ബന്ധപ്പെട്ടവർ പ്രത്യേകം ഓർമ്മിപ്പിച്ചു.
പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന പ്രധാന സ്ഥലങ്ങൾ
- ചെങ്കടൽ തീരത്തുനിന്ന് ആരംഭിച്ച് രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറൻ നഗരങ്ങളിലൂടെ കടന്നുപോകുന്ന പാതയിലാണ് പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുകയെന്ന് ജിദ്ദ അസ്ട്രോണമി സൊസൈറ്റി പ്രസിഡന്റ് എൻജിനീയർ മാജിദ് അബൂസഹ്റ വ്യക്തമാക്കി.
- പ്രധാന നഗരങ്ങൾ: മക്ക, ജിദ്ദ, തായിഫ്, അൽബാഹ, ഖമീസ് മുശൈത്, ജിസാൻ, നജ്‌റാൻ.
- മറ്റു പ്രദേശങ്ങൾ: തുവൽ, ദഹ്ബാൻ, അസ്ഫാൻ, ഖുലൈസ്, ജുമൂം, ബഹ്‌റ, അൽഹദ, അൽശഫ, ലൈത്ത്, അൽമന്ദഖ്, ബൽജുറശി, മജാരിദ, ഖുൻഫുദ, സബ്ത് അൽഅലായ, അൽനമാസ്, തന്നൂമ, ബാരിഖ്, അഹദ് റുഫൈദ, ബേശ്, സ്വബ്യ, ദഹ്‌റാൻ അൽജുനൂബ്, സറാത്ത് ഉബൈദ, ഹരദ്, ഗുറാൻ, ഗമീഖ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
