സഊദിയിൽ രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

malayalampress
1 Min Read

റിയാദ്: സഊദിയിൽ നടന്ന അതി ദാരുണമായ കൊലപാതകക്കേസിൽ 20 ദിവസത്തിനുള്ളിൽ ശിക്ഷ. വെറും രണ്ട് റിയാലിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ച കേസിലാണ് നടപടി. തെരുവിൽ നടന്ന തർക്കം അതി ദാരുണമായി കൊലപാതകത്തിൽ കലാശിച്ചത് വെറും ഞൊടിയിടയിൽ ഉണ്ടായ ദേഷ്യത്തിലും വെറും രണ്ട് റിയാൽ പ്രശ്നത്തിലുമായിരുന്നു.

വഴിയോരത്ത് നടന്ന തണ്ണിമത്തൻ വിൽപ്പന തർക്കമാണ് കൊലപാതകത്തിലും ഒടുവിൽ വധശിക്ഷയിലും എത്തിയത്. 2 റിയാൽ അധികമാണെന്ന് പറഞ്ഞു തുടങ്ങിയ തർക്കത്തിനിടെ സഊദി പൗരനായ പ്രതി  വഴിയോരക്കച്ചവടക്കാരനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതിയായ സഊദി പൗരന്റെ വധശിക്ഷ 20 ദിവസത്തിനകം നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ.

സംഭവം ഇങ്ങനെ 

ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സഊദി പൗരന്‍ തെരുവില്‍ തണ്ണിമത്തന്‍ വില്‍ക്കുന്നയാളുടെ അടുത്ത് കാര്‍ നിര്‍ത്തി വില ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കച്ചവടക്കാരന്‍ ഒരു തണ്ണിമത്തന് 17 റിയാല്‍ വില പറഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം 15 റിയാലിനാണ് താന്‍ താങ്കളില്‍ നിന്ന് തണ്ണിമത്തന്‍ വാങ്ങിയതെന്ന് സഊദി പൗരന്‍ കച്ചവടക്കാരനോട് പ്രതികരിച്ചു. ഇത് ഇരുവര്‍ക്കുമിടയില്‍ നീണ്ട തര്‍ക്കത്തിനും വാഗ്വാദത്തിനും കാരണമായി.

ഇതോടെ 100 റിയാലിന് പോലും ഞാന്‍ താങ്കള്‍ക്ക് തണ്ണിമത്തന്‍ വില്‍ക്കില്ലെന്ന് ദൈവത്തിന്റെ പേരില്‍ ആണയിടുന്നതായി വില്‍പ്പനക്കാരന്‍ സഊദി പൗരനോട് പറഞ്ഞു. ഇതോടെ, അരിശം മൂത്ത സഊദി പൗരന്‍ മുൻ പിൻ നോക്കാതെ തണ്ണിമത്തന്‍ മുറിച്ചു കാണിക്കാന്‍ വഴിവാണിഭക്കാരന്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് അയാളെ കുത്തിക്കൊല്ലുകയായിരുന്നു.

സംഭവത്തിൽ പ്രതിയായ സഊദി പൗരനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. വിചാരണ കോടതി വിധിച്ച വധശിക്ഷ പിന്നീട് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെ വിധി നടപ്പാക്കാനായി ഒരുങ്ങുകയാണ്. നിമിഷ നേരത്തെ കോപം തന്റെ ജീവിതം കീഴ്‌മേല്‍ മറിച്ചതും സംഭവത്തിന്റെ വിശദാംശങ്ങളും ജയില്‍ സെല്ലില്‍ നിന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെ സഊദി പൗരന്‍ വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article