ഇറാനെതിരെ പുതിയ കൊലവിളിയുമായി ട്രംപ്; ‘ആരും ബാക്കിയുണ്ടാവില്ല, ഊർജ നിലയങ്ങളും പാലങ്ങളും തരിപ്പണമാക്കും, വേഗം ചർച്ചയിലേക്ക് മടങ്ങിക്കോ’

malayalampress
1 Min Read

വാഷിങ്ടണ്‍: ചർച്ചയിലേക്ക് മടങ്ങിയില്ലെങ്കിൽ ഇറാനിലെ ഊർജ്ജ നിലയങ്ങളും പാലങ്ങളും വരെ ലക്ഷ്യമിട്ട് അടുത്ത ആഴ്ച മുതൽ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസുമായി കരാറിൽ എത്തിയില്ലെങ്കിൽ ആരും ബാക്കിയുണ്ടാവില്ലെന്ന കൊലവിളിയും ട്രംപ് നടത്തി. വരും ദിവസങ്ങളിൽ ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ ഇറാന് എതിരെയുള്ള വ്യോമാക്രമണം കടുപ്പിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

“നാളെ രാത്രിയും അതിനടുത്ത രാത്രിയും ഞങ്ങൾ അവരെ ശക്തമായി ആക്രമിക്കും. അടുത്ത ആഴ്ചയോടെ കാര്യങ്ങൾ അവർക്ക് തീർത്തും ദോഷകരമാകും. കാരണം അടുത്ത ആഴ്ച മുതൽ പവർ പ്ലാന്റുകളെയും പാലങ്ങളെയും ലക്ഷ്യമിടും. ചർച്ചയ്ക്ക് അവർ തയ്യാറായില്ലെങ്കിൽ അവിടുത്തെ എല്ലാ ഊർജ്ജ നിലയങ്ങളും പാലങ്ങളും ഞങ്ങൾ തകർക്കും”- ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി യുഎസും ഇറാനും നേരത്തെ ഒപ്പുവച്ച വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ ഇറാനിൽ യുഎസ് സൈനിക ആക്രമണം തുടരുകയാണ്. ഇതിനിടയിലാണ് ട്രംപിന്റെ പുതിയ വെല്ലുവിളി.

യുഎസിന്റെയും ഇറാന്റെയും പ്രതിനിധികൾ തമ്മിൽ ഇപ്പോഴും ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നത് ഇറാൻ നിർത്താതെ ചർച്ചകളിൽ പുരോഗതി ഉണ്ടാകില്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. ഇറാനിലെ സൈനിക നീക്കം എത്ര കാലം നീണ്ടുനിൽക്കുമെന്ന ചോദ്യത്തിന്, താൻ മറ്റൊരു തീരുമാനം എടുക്കുന്നത് വരെ ആക്രമണം തുടരുമെന്നാണ് യുഎസ് പ്രസിഡന്റ് മറുപടി നൽകിയത്. ഇറാനിലേക്ക് യുഎസ് കരസേനയെ അയക്കുന്ന കാര്യം പൂർണ്ണമായും തള്ളിക്കളയാനാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article