സഊദിയിൽ വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കൽ ശിക്ഷാർഹം, പ്രവാസികൾ പിടിയിൽ

malayalampress
2 Min Read
  • പൊതുസ്ഥലങ്ങളിലേയോ വീഡിയോകളും ഫോട്ടോകളും അനാവശ്യമായി പ്രചരിപ്പിക്കുന്നവർക്കും പിടിവീഴും
  • കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

ദമാം: അനുഭവിക്കാനിരിക്കുന്ന നിയമക്കുരുക്കളുടെ ഗൗരവം മനസിലാക്കാതെ അവിചാരിതമായ അവസരങ്ങളിലുണ്ടാവാറുളള രംഗങ്ങൾ ഫോട്ടോകളായും വീഡിയോകളായും പകർത്തി താൽകാലികമായ വൈകാരികതയിൽ സോഷ്യൽ മീഡിയകളിലൂുടെ പ്രചരിപ്പിച്ച് അഴികൾക്കുള്ളിലാവുന്ന ദൗർഭാഗ്യകരമായ പ്രവണത വർദ്ധിച്ച് വരുന്നതായി റിപ്പോർട്ടുകൾ. ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ച പത്തോളം ഇന്ത്യക്കാരടക്കം മറ്റ് വിദേശികളും സ്വദേശികളും സഊദി പോലീസിന്റെ പിടിയിലായതായി സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.

കിഴക്കൻ സഊദിയിലെ ജുബൈലിൽ നിന്ന് മാത്രമായാണ് ഇത്രയും ആളുകൾ പോലീസ് പിടിയിലായത്. നിലവിലെ സാഹചര്യത്തിൽ മറ്റിടങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഗൗരവതരമായ ആശങ്കകളും ഭീതിയും സൃഷ്ടിച്ചേക്കാമെന്ന സ്ഥിതിവിശേഷമാവുമെന്നതിനാൽ ഇത്തരത്തിലുള്ള പ്രചാരണങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ സഊദി ആഭ്യന്തര മന്ത്രാലയം കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

സമൂഹ സുരക്ഷയുടെ ഭാഗമായിട്ടുള്ള നടപടികൾ എന്ന നിലക്ക് ഈ നിയമം ലംഘിക്കുന്നവരേയാണ് അറസ്റ്റ് നടത്തി മൂന്ന് മാസത്തോളം ജയിൽശിക്ഷ നൽകി ബ്ലോക്ക് ചെയ്ത് നാട്ടിലേക്ക് കയറ്റി വിടുന്നത്. ഈയടുത്ത ദിവസങ്ങളിലായി ജുബൈൽ ജയിലിൽ നിന്നും ഘട്ടം ഘട്ടമായി പലരേയും നാട്ടിലേക്കയച്ചിട്ടുണ്ട് നടപടികൾ പൂർത്തിയാക്കി അവശേഷിക്കുന്നവരേയും വിടുമെന്നും ഇന്ത്യൻ എംബസിയുടെ ജുബൈലിലെ സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയറിൻ്റെ ജനസേവന വിഭാഗം കോർഡിനേറ്ററുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി മലയാളം പ്രസിനോട് പറഞ്ഞു.

പ്രവാസ ജീവിതത്തിൽ രാജ്യത്തിൻ്റെ നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ട് സ്വയം രക്ഷക്ക് വേണ്ടിയും സമൂഹ നന്മക്കും വേണ്ടി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്നും വിട്ടു നിൽക്കാനും അദ്ദേഹം നിർദ്ദേശിച്ചു. വിവിധ കേസുകളിൽ വ്യത്യസ്‌ത ശിക്ഷാകാലാവധിയിൽ ജുബൈൽ അബു ഹദ്‌രിയ ജയിലിൽ കഴിഞ്ഞു വന്നിരുന്ന പലരും രാജകാരുണ്യത്തിൽ പൊതുമാപ്പ് ലഭിച്ച് നാടണയാൻ സൗഭാഗ്യം ലഭിച്ചവരുണ്ട്.

നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും വേഗം അവശേഷിക്കുന്നവരേയും കയററി അയക്കുന്നതിൽ ജയിലധികൃതർ അഭിനന്ദനാർഹമായ ശ്രമങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. ഇങ്ങനെ പൊതുമാപ്പ് ലഭിച്ച് യാത്രാനുമതി ലഭിച്ച പാസ്പോർട്ടില്ലാത്ത പലർക്കും യാത്രാ രേഖകളൊരുക്കാൻ റിയാദിലെ ഇന്ത്യൻ എംബസിയും സജീവമായി രംഗത്തുണ്ടെന്നും സൈഫുദ്ദീൻ പൊറ്റശ്ശേരി പറഞ്ഞു.

കർശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം; വാർത്തകൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക

റിയാദ്: സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്കും ഉറവിടമില്ലാത്ത വീഡിയോകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് വീണ്ടും കർശന മുന്നറിയിപ്പ് നൽകി സഊദി ആഭ്യന്തര മന്ത്രാലയം. വിവരങ്ങൾ കൈമാറുമ്പോൾ കൃത്യത ഉറപ്പുവരുത്തണമെന്നും കിംവദന്തികൾക്കും വ്യാജപ്രചാരണങ്ങൾക്കും പിന്നാലെ പോകരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

വിശ്വസനീയമായ വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം പ്രസ്താവനയിലൂടെ അധികൃതർ ഓർമ്മിപ്പിച്ചു.

കൃത്യവും യഥാർത്ഥവുമായ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സഊദി പ്രസ് ഏജൻസി എന്നീ ഔദ്യോഗിക മാർഗ്ഗങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article