റിയാദ്: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് റിയാദിൽ മരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി കൊപ്പരമ്പിൽ വില്യംസ് (31) ആണ് മരിച്ചത്. ജൂൺ 9ന് റിയാദിലെ സുലൈയിൽ വച്ചുണ്ടായ അപകടത്തെത്തുടർന്ന് അബോധാവസ്ഥയിലായിരുന്നു വില്യംസ്.
ഷുമൈസി കിങ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഒരു ഓൺലൈൻ ഷോപ്പിങ് കമ്പനിയിലെ ഡെലിവറി ജീവനക്കാരനായിരുന്നു വില്യംസ്. ഓർഡർ പ്രകാരമുള്ള സാധനങ്ങൾ നൽകാൻ പോകുന്നതിനിടെ ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ വില്യംസിനെ ആരോഗ്യപ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ തുടരവേ നിലവഷളാവുകയായിരുന്നു.
അപകടം നടന്ന സമയം മുതൽ അബോധാവസ്ഥയിലായിരുന്നതിനാൽ വില്യംസിനെക്കുറിച്ചുള്ള വിവരങ്ങൾ ആർക്കും വ്യക്തമായി അറിയില്ലായിരുന്നു. പിന്നീട് ആശുപത്രിയിലെ മലയാളി നഴ്സായ ബിനീഷിന്റെ സഹായത്തോടെ റിയാദ് ഒഐസിസി ഭാരവാഹി മാത്യു ജോസഫ് നടത്തിയ ഇടപെടലുകളിലൂടെയാണ് വില്യംസിന്റെ വിവരങ്ങൾ കണ്ടെത്താനായത്.
കുടുംബത്തിന് താങ്ങും തണലുമാകുന്നതിനായി ഒരു വർഷം മുൻപാണ് പുതിയ തൊഴിൽ വീസയിൽ വില്യംസ് സൗദിയിലെത്തിയത്. കൊപ്പരമ്പിൽ തോമസ്, നെസി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ജിഷ്മ. ഏഴും രണ്ടും വയസ്സുള്ള രണ്ട് മക്കളുണ്ട്.
സുലൈമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ 8.20ന് റിയാദിൽ നിന്നുള്ള വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിക്കും. തുടർന്ന് ശുശ്രൂഷകൾക്കു ശേഷം വ്യാഴാഴ്ച മട്ടാഞ്ചേരിയിലെ സെമിത്തേരിയിൽ സംസ്കരിക്കും. ജീവകാരുണ്യ പ്രവർത്തകനായ മാത്യു ജോസഫിനൊപ്പം സാമൂഹിക പ്രവർത്തകനായ ഷാജഹാൻ താജ് കോൾഡ് സ്റ്റോറേജും ചേർന്നാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
