കൊച്ചി: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്. സുഗതന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞാചടങ്ങുകള്‍ നടന്നത്. മേയര്‍ വി.വി രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു.
നേരത്തെ നടത്തിയ സത്യപ്രതിജ്ഞ നിയമപരമായി നിലനില്‍ക്കില്ലെന്ന് കണ്ട് കോടതി റദ്ദാക്കിയ 20 കൗണ്‍സിലര്‍മാരുടെ പട്ടികയില്‍ സുഗതനും ഉള്‍പ്പെട്ടിരുന്നു. ഇതോടെയാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്നത്.
സുഗതന് ഒഴികെയുള്ള കൗണ്‍സിലര്‍മാര്‍ നേരത്തെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ കാപ്പാ കേസില്‍ ജയിലില്‍ ആയതിനാല്‍ അന്ന് സുഗതന് സത്യപ്രതിജ്ഞ ചെയ്യാനായില്ല.
വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരു ദിവസത്തേക്ക് തന്നെ വിട്ടയക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സുഗതന് നല്കിയ ഹരജി പരിഗണിച്ച് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
നടപടിക്രമത്തിലെ പിഴവുമൂലം ജനവിധി അട്ടിമറിക്കപ്പെടാന്‍ പാടില്ലെന്നും ജനാധിപത്യ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് കോടതിയുടെ ലക്ഷ്യമെന്നും ഹരജി അനുവദിച്ച് കോടതി നിരീക്ഷിച്ചു.
നേരത്തെ വാദം കേള്‍ക്കലിനിടെ ജയിലിനുള്ളില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ കഴിയുമോ എന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. കാപ്പ പ്രകാരം കരുതല്‍ തടങ്കലിലുള്ള ഹരജിക്കാരനെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന് ഡയരക്ടര്‍ ജനറല്‍ ഇതിനു മറുപടിയായി അറിയിച്ചു. കോടതി നിര്‍ദേശിക്കുകയാണെങ്കില്‍ ജയിലിനുള്ളില്‍ സത്യപ്രതിജ്ഞ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
ഒറ്റപ്പെട്ടതും തര്‍ക്കവിഷയവുമായ സത്യപ്രതിജ്ഞയുടെ പേരില്‍ ജനാധിപത്യത്തിന്റെ ജീവനാഡി തന്നെ തകരുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നും ജനാധിപത്യം സംരക്ഷിക്കുകയാണ് കോടതിയുടെ കടമയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം കോര്പറേഷന് മേയര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍ക്കും ജയില്‍വളപ്പില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, കാപ്പാ കേസ് പ്രതിയായ ബി.ജെ.പി കൗണ്‍സിലര്‍ ആര്. സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി അനുമതി ലഭിച്ചെങ്കിലും കോര്പറേഷന് ഭരണത്തില്‍ ബി.ജെ.പിക്കുള്ള പ്രതിസന്ധി തുടരും. ജയിലില്‍ തുടരുന്നതിനാല്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ഹാജരാകാന്‍ കഴിയാതിരിക്കുന്നത് ഭാവിയില്‍ സുഗതന്റെ അംഗത്വത്തിന് ഭീഷണിയായേക്കാം. തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ജനപ്രാതിനിധ്യനിയമപ്രകാരം അയോഗ്യനാകും. സുഗതന് അയോഗ്യനായാല്‍ ബി.ജെ.പിക്ക് കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷം നഷ്ടമാകും. ഇത് ഭരണത്തെ പ്രതിസന്ധിയിലാക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
