നോക്കൗട്ടിൽ ഏറ്റവും കൂടുതൽ ഗോൾ; മെസ്സിക്ക് തൊട്ടുപിന്നിലെത്തി എംബാപ്പെ

News Desk
1 Min Read

ന്യൂയോർക്ക്: ലോകകപ്പിൽ റെക്കോഡ് കുറിച്ച് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി എംബാപ്പെ മാറി. റൗണ്ട് ഓഫ് 32 മത്സരത്തിൽ സ്വീഡനെതിരേ ഗോൾ നേടിയതോടെയാണ് താരം ചരിത്രനേട്ടം സ്വന്തമാക്കിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് സെക്കൻഡുകൾ ബാക്കിനിൽക്കേയാണ് എംബാപ്പെ വലകുലുക്കുന്നത്. കോർണറിൽ നിന്ന് ആരംഭിച്ച ഫ്രഞ്ച് മുന്നേറ്റത്തിനൊടുക്കം ഇടതുവിങ്ങിൽ നിന്ന് സ്വീഡൻ പ്രതിരോധതാരങ്ങലെ വെട്ടിയൊഴിഞ്ഞാണ് എംബാപ്പെ ഗോളടിച്ചത്. അതോടെയാണ് താരം റെക്കോഡ് കുരിച്ചത്. നോക്കൗട്ട് റൗണ്ടുകളിൽ എംബാപ്പെ നേടുന്ന ഒൻപതാമത്തെ ഗോളാണിത്. എട്ടുഗോളുകൾ നേടിയ മുൻ ബ്രസീലിയൻ താരങ്ങളായ റൊണാൾഡോ, ലിയോനിഡാസ് എന്നിവരെയാണ് മറികടന്നത്.

ഈ ലോകകപ്പിലെ എംബാപ്പെയുടെ അഞ്ചാം ഗോളാണിത്. അതോടെ ഗോൾഡൻ ബൂട്ട് റേസിൽ ലയണൽ മെസ്സിക്ക് തൊട്ടുപിന്നിലെത്തി എംബാപ്പെ. മെസ്സിക്ക് ആറുഗോളുകളാണുള്ളത്. നോർവേ സൂപ്പർ താരം എർലിങ് ഹാളണ്ടിനും അഞ്ചുഗോളുകളുണ്ട്. ലോകകപ്പിലെ എംബാപ്പെയുടെ ആകെ ഗോൾനേട്ടം 17 ആയി. അതോടെ മുൻ ജർമൻ സ്‌ട്രൈക്കർ മിറോസ്ലാവ് ക്ലോസെയെ മറികടന്നു. ക്ലോസെയ്ക്ക് 16 ഗോളുകളാണുള്ളത്. പട്ടികയിൽ തലപ്പത്തുള്ള മെസ്സിക്ക് 19 ഗോളുകളുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article