പരിശീലനത്തിനെത്തിയ 17കാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; ഫുട്ബോൾ കോച്ച് അറസ്റ്റിൽ

News Desk
1 Min Read

പാൽഘർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫുട്ബോൾ പരിശീലകൻ അസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. അഭിജിത് മെൻഡൽ (36) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.

2023ൽ വസായിലെ തന്റെ ഫുട്ബോൾ പരിശീലന അക്കാദമിയിൽ ചേർന്ന 17 വയസ്സുകാരിയായ പെൺകുട്ടിയെ അഭിജിത് പീഡിപ്പിച്ചെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ആദ്യം സൗമ്യമായി പെരുമാറി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച അഭിജിത്, പിന്നീട് ഫുട്ബോളിൽ വലിയ അവസരങ്ങൾ ഉൾപ്പെടെ വാഗ്ദാനം ചെയ്തു പീഡനത്തിനിരയാക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു വർഷമായി ഇയാൾ പെൺകുട്ടിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തതായാണ് ആരോപണം. അഭിജിത്തുമായി സമ്പർക്കം ഒഴിവാക്കാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും സ്വകാര്യ വിഡിയോകളും ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പരാതിയിൽ പറഞ്ഞു. മാനസിക സമ്മർദം താങ്ങാനാകാതെ വന്നതോടെയാണ് കുടുംബത്തോട് പെൺകുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞത്. തുടർന്ന് ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ വസായിലെ മണിക്പൂർ പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം അഭിജിത്തിനെ അറസ്റ്റ് ചെയ്തു. ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയ്ക്കും പോക്സോ നിയമത്തിലെ കർശന വകുപ്പുകൾ പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article