വീരപ്പന്റെ വിവാദ അഭിമുഖം; നടി സുകന്യക്ക് സണ്‍ ടിവി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

News Desk
1 Min Read

ചെന്നൈ: വീരപ്പനുമായുള്ള വിവാദ അഭിമുഖത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് നടി സുകന്യയ്ക്ക് സണ്‍ ടിവി നഷ്ടപരിഹാരം നല്‍കണമെന്ന 2015 ലെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവച്ചു. 1996-ല്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ നഖീരന്‍ ഗോപാലുമായുള്ള അഭിമുഖത്തില്‍ സുക്യനക്കെതിരെ വീരപ്പന്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ സംപ്രേഷണം ചെയ്തുവെന്നായിരുന്നു കേസ്.

നടിയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. അപകീര്‍ത്തികരമായ ഭാഗം എഡിറ്റ് ചെയ്യാത്തതിലും ഖേദപ്രകടനം നടത്താത്തതിലും സണ്‍ ടിവിയുടെ ഭാഗത്ത് ദുരുദ്ദേശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബു ഉത്തരവ് ശരിവച്ചത്.

സുകന്യയുടെ മുപ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിജയം. 1996 ഏപ്രില്‍ 17 നായിരുന്നു സംഭവങ്ങളുടെ തുടക്കം. സണ്‍ ടിവിയിലെ ‘നേര്‍ക്കു നേര്‍’ എന്ന നഖീരന്റെ ഗോപാലന്റെ അഭിമുഖത്തില്‍ വീരപ്പന്‍ സുകന്യക്കെതിരെ അപകീര്‍ത്തികരമായ ചില പരാമര്‍ശങ്ങള്‍ നടത്തി. ഇത് എഡിറ്റ് ചെയ്യാതെ പ്രസിദ്ധീകരിക്കുകയും അതിലൂടെ തനിക്ക് മാനനഷ്ടമുണ്ടായി എന്നുമായിരുന്നു സുകന്യയുടെ ആരോപണം.

സണ്‍ ടിവിക്കെതിരെ സുകന്യ കോടതിയെ സമീപിച്ചു. 2015 ല്‍ വിചാരണ കോടതി സുകന്യക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. അഭിമുഖം തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നത് വിലക്കുകയും സുകന്യക്ക് 10,00,500 രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു വിധി.

അഭിമുഖം റെക്കോര്‍ഡ് ചെയ്തത് മൂന്നാം പാര്‍ട്ടിയാണെന്നും വീരപ്പന്റെ വാദത്തിന് ചാനല്‍ ഉത്തരവാദിയല്ലെന്നുമായിരുന്നു വാദം. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളി. അഭിമുഖത്തില്‍ പൂര്‍ണ നിയന്ത്രണം സണ്‍ ടിവിക്ക് ഉണ്ടായിരുന്നുവെന്നും സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് പുലര്‍ത്തേണ്ട ജാഗ്രത പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. അപകീര്‍ത്തികരമായ ഭാഗങ്ങള്‍ തിരുത്താനോ നീക്കം ചെയ്യാനോ ഉള്ള അധികാരം ചാനലിനുണ്ടായിരുന്നിട്ടും അതിന് അവര്‍ തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കൂടാതെ, സ്വന്തം പ്ലാറ്റ്‌ഫോമിലൂടെ സണ്‍ ടിവി അവരുടെ ഖേദപ്രകടനം പുറത്തുവിട്ടില്ല. മറ്റൊരു മാഗസിനിലാണ് പ്രസിദ്ധീകരിച്ചത്. ഇതുകാരണം ചാനലിന്റെ പ്രേക്ഷകരിലേക്ക് ഖേദപ്രകടനം എത്തിയില്ലെന്നും കോടതി വ്യക്തമാക്കി.

വിചാരണ കോടതിയുടെ കണ്ടെത്തലുകള്‍ ശരിവെച്ച ഹൈക്കോടതി, അപകീര്‍ത്തിക്കേസില്‍ ചാനല്‍ നെറ്റ്വര്‍ക്കിന് ഉത്തരവാദിത്തമുണ്ടെന്ന് വിധിക്കുകയും നഷ്ടപരിഹാര തുക സ്ഥിരീകരിക്കുകയും ചെയ്തു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article