ആലുവ: പോക്‌സോ കേസില്‍ അതിജീവിതയായ വിദ്യാര്‍ഥിനി പ്രതിക്കൊപ്പം കടന്നു കളഞ്ഞതായി പരാതി. ആലുവ എടത്തലയില്‍ വനിതകള്‍ മാത്രം പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് 16കാരിയെ കാണാതായത്. കുട്ടി കായംകുളം സ്വദേശിയായ 19 വയസ്സുള്ള പോക്‌സോ കേസ് പ്രതിയെ വിളിച്ചതായി പോലീസ് കണ്ടെത്തി. ഇതോടെ ആണ് പെണ്‍കുട്ടി പോയത് പ്രതിക്കൊപ്പമാണെന്ന് പോലീസ് സംശയിക്കുന്നത്.
കുട്ടിയെ കാണാനില്ലെന്ന വിവരം പഠിക്കുന്ന സ്ഥാപന അധികൃതരാണ് എടത്തല പോലീസിനെ അറിയിച്ചത്. പിന്നീട് കുടുംബം പരാതിയുമായി പോലീസിനെ സമീപിച്ചു. ശനിയാഴ്ച വൈകുന്നേരം ആറുമണിമുതലാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടി ആലുവയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനില്‍ കയറിയതായാണ് സംശയം. റെയില്‍വേ സ്റ്റേഷനില്‍വെച്ച് ചിലര്‍ കുട്ടിയെ കണ്ടതായി പറയുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയുടെ ചിത്രം മറ്റ് പോലീസ് സ്റ്റേഷനുകളിലേക്കും റെയില്‍വേ പോലീസിനും കൈമാറിയിട്ടുണ്ട്.
പോക്‌സോ കേസിനെ തുടര്‍ന്ന് മൂന്നുമാസം മുമ്പാണ് കുടുംബം കരുനാഗപ്പള്ളിയില്‍നിന്ന് ആലുവയിലേക്ക് താമസം മാറിയത്. തുടര്‍ന്ന് പെണ്‍കുട്ടി ആലുവയിലെ സ്ഥാപനത്തില്‍ പഠിച്ചുവരികയായിരുന്നു. കുട്ടി എടത്തലയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയതായും ഇവിടെനിന്ന് ഓട്ടോ പിടിച്ച് ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും പോലീസ് കണ്ടെത്തി. കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടതായി ഓട്ടോക്കാരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ എത്തിയ ശേഷം കുട്ടി തന്റെ ഫോണ്‍ വാങ്ങി ഒരാളെ വിളിച്ചതായും ഓട്ടോക്കാരന്‍ അറിയിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടി വിളിച്ചത് തന്നെ പീഡിപ്പിച്ച കേസിലെ പ്രതിയെ ആണെന്നു കണ്ടെത്തിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
