എബോള ഭീതി: മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ദുബായ് പ്രവേശന വിലക്ക്

News Desk
1 Min Read

ദുബായ്: എബോള ഭീതിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. പരിഷ്‌കരിച്ച യാത്ര നിയമങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് എയര്‍ലൈന്‍ പുറത്തിറക്കിയത്.

പുതിയ അറിയിപ്പ് അനുസരിച്ച്, കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും അടുത്തിടെ ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും ദുബായില്‍ പ്രവേശനമുണ്ടായിരിക്കില്ല. മറ്റ് രാജ്യങ്ങള്‍ വഴി ട്രാന്‍സിറ്റ് ആയി വരുന്ന യാത്രക്കാര്‍ക്കും നിബന്ധനകള്‍ ബാധകമാണ്.

കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശന വിസകള്‍ ഉള്‍പ്പെടെയുള്ള പുതിയ വിസകള്‍ അനുവദിക്കുന്നത് യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. യുഎഇ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ അവരുടെ അവസാന ലക്ഷ്യസ്ഥാനത്തെ പ്രവേശന നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

യാത്രാ റൂട്ട് ഏതാണെങ്കിലും ഈ പ്രവേശന-ട്രാന്‍സിറ്റ് നിയന്ത്രണങ്ങള്‍ ഒരുപോലെ ബാധകമായിരിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയമങ്ങള്‍ തുടരുന്നതായിരിക്കും. ഈ രാജ്യങ്ങള്‍ക്ക് പുറത്ത് തുടര്‍ച്ചയായി 21 ദിവസത്തില്‍ കൂടുതല്‍ കഴിഞ്ഞിട്ടുള്ള യാത്രക്കാരെ ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങള്‍ എബോള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പായി ലക്ഷ്യസ്ഥാനത്തെ പ്രവേശന നിയമങ്ങള്‍ പരിശോധിക്കാന്‍ ഫ്‌ലൈ ദുബായ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സുരക്ഷാ നടപടികള്‍ തുടരുമെന്നും, പ്രാദേശിക സര്‍ക്കാരുകളുടെയും ആരോഗ്യ മന്ത്രാലയങ്ങളുടെയും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എയര്‍ലൈന്‍ ആവശ്യപ്പെട്ടു.

അതേസമയം, യാത്രാ നിയന്ത്രണം തുടരുമ്പോഴും ഈ രാജ്യങ്ങളുമായുള്ള കാര്‍ഗോ സര്‍വീസുകളും മറ്റ് രാജ്യങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് ഫ്‌ലൈറ്റുകളും ആഗോള കണക്റ്റിവിറ്റിക്കും ചരക്ക് നീക്കത്തിനുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article