കോടതി ചേംബറില്‍ കയറി മജിസ്‌ട്രേറ്റിനുനേരേ ആക്രമണം; പ്രതിയെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പിന്നാലെ ഓടിച്ചിട്ടു പിടിച്ചു

malayalampress
1 Min Read
ചെങ്ങന്നൂര്‍: കോടതിയുടെ ചേംബറില്‍ കയറി മുന്‍സിഫ് മജിസ്‌ട്രേറ്റിനുനേരേ യുവാവിന്റെ ആക്രമണം. രക്ഷപ്പെടാനായി ഓടിമാറുന്നതിനിടെ വീണ് ചെങ്ങന്നൂര്‍ മുന്‍സിഫ് അമല ലോറന്‍സിനും പ്രതിയെ തടഞ്ഞ രണ്ടു കോടതി ജീവനക്കാര്‍ക്കും പരുക്കേറ്റു. ചെങ്ങന്നൂര്‍ പെരിങ്ങാല മോഹിനി സദനത്തില്‍ അരുണ്‍ മോഹന്‍(28)ആണ് ചെങ്ങന്നൂര്‍ മുന്‍സിഫ് കോടതിയില്‍ അതിക്രമം കാട്ടിയത്. കോടതി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ നിലവില്‍ മുന്‍സിഫ് കോടതിയില്‍ കേസുണ്ടെന്നു പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ 9.30-നായിരുന്നു സംഭവം. ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ച് മുന്‍സിഫിന്റെ ചേംബറിലേക്ക് അതിക്രമിച്ചു കയറിയ ഇയാള്‍, അമല ലോറന്‍സ് അല്ലേ എന്ന് ചോദിച്ച് അക്രമത്തിന് മുതിരുകയായിരുന്നു. ഇതോടെ മുന്‍സിഫ് മജിസ്‌ട്രേറ്റ് ചേംബറില്‍നിന്നു ജീവനക്കാരുടെ ഓഫീസിലേക്ക് ഓടിക്കയറി.
ഇതിനിടയില്‍ തെന്നിവീണാണു പരുക്കേറ്റത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ബാര്‍ അസോസിയേഷന്‍ ഓഫീസിലേക്ക് അവര്‍ ഓടിക്കയറി. ഈ സമയം ഓഫീസിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ പ്രതിയെ തടയാന്‍ ശ്രമിച്ചതോടെ ചേംബറിനുള്ളില്‍ മല്‍പ്പിടുത്തമുണ്ടായി. ആക്രമണത്തില്‍ ജീവനക്കാര്‍ക്കും പരുക്കേറ്റു. നിലത്തുവീണ ഒരു ജീവനക്കാരന്റെ നെഞ്ചില്‍ പ്രതി ക്രൂരമായി ചവിട്ടി. പ്രതിയുടെ റെയിന്‍കോട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ചില്ലുകുപ്പി മല്‍പ്പിടുത്തത്തിനിടയില്‍ നിലത്തുവീണ് പൊട്ടിച്ചിതറി.
ആക്രമണശേഷം കോടതി വളപ്പില്‍നിന്നു റോഡിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ കോടതി ജീവനക്കാരും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്നു പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ മുന്‍സിഫ് അമല ലോറന്‍സിനെയും രണ്ടു കോടതി ജീവനക്കാരെയും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിക്കുള്ളില്‍ മുന്‍സിഫിനു നേരേയും ജീവനക്കാര്‍ക്ക് നേരേയുമുണ്ടായ അതിക്രമത്തില്‍ ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. അസോസിയേഷന്‍ ഇന്നലത്തെ കോടതി നടപടികളില്‍നിന്നു വിട്ടുനിന്നു. കോടതികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!