മൂന്നാം പ്രസവത്തിന് 30,000, നാലാം തവണ 40,000 രൂപ; ജനസംഖ്യാ വർധനവിന് ധനസഹായവുമായി ആന്ധ്രാ സർക്കാർ

News Desk
1 Min Read

അമരാവതി: ആന്ധ്രപ്രദേശില്‍ പ്രത്യേക ജനസംഖ്യാ ഇന്‍സെന്‍റീവ് സ്കീം പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു സർക്കാർ. മൂന്നാം പ്രസവത്തിന് 30,000 രൂപയും നാലാം പ്രസവത്തിന് 40,000 രൂപയും ധനസഹായം നല്‍കുമെന്നാണ് പ്രഖ്യാപനം.

സംസ്ഥാനത്ത് ജനസംഖ്യ കുറയുകയാണെന്നും കുട്ടികളാണ് സമ്പത്തെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ശ്രീകാക്കുളം ജില്ലയിലെ നരസന്നപേട്ടയിൽ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കുഞ്ഞുങ്ങൾ ജനിച്ച ഉടൻതന്നെ ഈ പണം കുടുംബങ്ങൾക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒരുമാസത്തിനകം ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ നൽകും. മുൻപ് ജനസംഖ്യാ നിയന്ത്രണ നടപടികളെ പിന്തുണച്ചിരുന്നെങ്കിലും ഇപ്പോൾ ജനനനിരക്ക് വർധിപ്പിക്കാൻ സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണെന്നും ചന്ദ്രബാബു നായിഡു വിശദീകരിച്ചു.

കഴിഞ്ഞ മാർച്ചിൽ രണ്ടാമത്തെ കുട്ടിക്ക് 25,000 രൂപ പ്രോത്സാഹനമായി നൽകുന്നത് സർക്കാർ പരിഗണിക്കുന്നതായി നായിഡു അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. “വരുമാനം വർധിക്കുമ്പോൾ ദമ്പതിമാർ ഒരു കുട്ടി എന്ന തീരുമാനത്തിലേക്കാണ് മാറുന്നത്. അതുപോലെ തന്നെ ആദ്യത്തെ കുട്ടി ആൺകുട്ടി അല്ലെങ്കിൽ മാത്രം രണ്ടാമത്തെ കുഞ്ഞ് എന്ന് ചിന്തിക്കുന്നു”. ഇത്തരം പ്രവണതകൾ ജനസംഖ്യാ വളർച്ചയെ ബാധിക്കുന്നുവെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!