ദുബായ്: യുഎഇ വ്യോമപാതയിലെ നിയന്ത്രണങ്ങൾ പൂർണമായും നീക്കി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഉത്തരവ്. വ്യോമപാത പൂർണമായും തുറന്നതോടെ വിമാന സർവീസുകൾ ഇനി സാധാരണ നിലയിലാകും. ഇതോടെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഉൾപ്പടെ പൂർണതോതിൽ സർവീസ് നടത്താൻ സാധിക്കും. കുത്തനെ ഉയർന്ന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലേക്കു കൂടുതൽ സർവീസുകൾ എത്താൻ ഇത് വഴിയൊരുക്കുമെന്നതിനാൽ മലയാളികൾ വലിയ ആശ്വാസത്തിലാണ്.
നിലവിൽ പല എയർലൈൻസുകൾക്കും നിയന്ത്രണങ്ങൾ കാരണം സർവീസ് നടത്താൻ സാധിച്ചിരുന്നില്ല. പത്തോളം എയർലൈൻസുകൾ സർവീസ് നടത്തിയിരുന്ന കോഴിക്കോട് വിമാനത്താവളത്തിൽ നിലവിൽ ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവ മാത്രമാണ് യുഎഇയിൽനിന്ന് നേരിട്ട് സർവീസ് നടത്തുന്നത്.
ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികൾക്കും കണക്ഷൻ ഫ്ലൈറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മാറുന്നതോടെ യാത്രക്കാർക്കു കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകും. വ്യോമപാത പൂർണമായും തുറന്നതോടെ പശ്ചിമേഷ്യയിലെ സംഘർഷം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
