കട്നി: രോഗിയുടെ രക്തം ആംബുലന്സിലായതിന് ഭാര്യയെ കൊണ്ട് കഴുകി തുടപ്പിച്ച് ആംബുലന്‍സ് ജീവനക്കാര്‍. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം. യുവതിയെ കൊണ്ട് ആംബുലന്‍സ് കഴുകിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.
108 ആംബുലന്‍സ് ഡ്രൈവറും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യ(ഇഎംടി)നുമാണ് രോഗിയുടെ ഭാര്യയെ കൊണ്ട് വാഹനം വൃത്തിയാക്കിപ്പിച്ചത്. സംഭവം വിവാദമായതോടെ ഇരുവരേയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
കട്നി ജില്ലാ ആശുപത്രിയിലാണ് സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ രാഹുല്‍ ബര്മന് എന്നയാളുമായാണ് ആംബുലന്‍സ് ആശുപത്രിയിലെത്തിയത്. പരിക്കേറ്റ രോഗിയുടെ രക്തം ആംബുലന്സിലായതായി കട്നി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജ് സിങ് ഠാക്കൂര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തിയതും ഇദ്ദേഹമാണ്.
രക്തം ആയതില്‍ ക്ഷുഭിതനായ ഇഎംടി മോഹിത് ഖട്ടിക് രാഹുലിന്റെ ഭാര്യയായ പ്രമീള ബര്‍മനോട് ആംബുലന്‍സ് വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് യുവതി വന്ന് ആംബുലന്‍സ് തുടച്ചു കഴുകിയത്. ഒരിക്കലും അംഗീകരിക്കാനാകാത്ത ചട്ടലംഘനമാണ് നടന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, ജില്ലാ കളക്ടറും വിഷയത്തില്‍ ഇടപെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കളക്ടര്‍ ആഷിഷ് തിവാര ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ആംബുലന്‍സ് ഡ്രൈവറേയും ഇഎംടിയേയും പുറത്താക്കിയത്.

