മഴ തുടരാൻ സാധ്യത; വിമാന സർവീസുകൾ വൈകും; മുന്നറിയിപ്പ് നൽകി എയർ ഇന്ത്യയും സ്‌പൈസ് ജെറ്റും

0
173

ന്യൂഡൽഹി: ഡൽഹിയില്‍ മഴ തുടരാൻ സാധ്യതയുള്ളതിനാൽ വിമാന സർവീസുകൾ വൈകുമെന്ന് മുന്നറിയിപ്പു നൽകി എയർ ഇന്ത്യയും സ്‌പൈസ് ജെറ്റും. ഡൽഹിയിലും തലസ്ഥാന നഗരിയുടെ മറ്റുഭാഗങ്ങളിലും മഴ തുടരുമെന്നു പ്രതീക്ഷിക്കുന്നതിനാൽ നിരവധി വിമാനക്കമ്പനികളാണ് യാത്രക്കാർക്കു മുന്നറിയിപ്പു നൽകിയിട്ടുള്ളത്. 

‘‘തുടർച്ചയായ മഴ ഇന്നത്തെ ഡൽഹി വിമാന സർവീസുകളെ ബാധിച്ചേക്കാം. പുറപ്പെടുന്നതിനു മുൻപ് ദയവായി നിങ്ങളുടെ വിമാനത്തിന്റെ വിവരങ്ങൾ പരിശോധിക്കുക, വിമാനത്താവളത്തിലേക്കു നേരത്തേ ഇറങ്ങാൻ ശ്രമിക്കുക’’ – എയർ ഇന്ത്യ നിർദേശിച്ചു. മഴ തുടരുന്നതിനാൽ വിമാന സർവീസുകളെ ബാധിച്ചേക്കാമെന്ന് സ്‌പൈസ് ജെറ്റും മുന്നറിയിപ്പ് നൽകി. 

ഡൽഹിയിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡൽഹി, ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരദേശം എന്നിവിടങ്ങളിൽ  ഓറഞ്ച്, റെഡ് അലർട്ടുകൾ നൽകിയിട്ടുണ്ട്. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും നേരിയതോതിൽ മഴ ഉണ്ടായേക്കുമെന്നാണ് പ്രവചനം.