മണല്‍ക്കൂനയില്‍ കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളം; സഊദിയില്‍ വെള്ളം കിട്ടാതെ രണ്ടു സ്വദേശികള്‍ക്ക് ദാരുണാന്ത്യം

0
236

റിയാദ്- മണല്‍ക്കൂനയില്‍ കാര്‍ മണിക്കൂറുകളോളം കുടുങ്ങിയതോടെ സഊദിയില്‍ വെള്ളം കിട്ടാതെ രണ്ടു സ്വദേശികള്‍ക്ക് ദാരുണാന്ത്യം  അല്‍ ജുനൈനയില്‍ നിന്നും 40 കിലോമീറ്റര്‍ തെക്ക് ബിഷ, തത്‌ലിത്ത് പ്രവിശ്യകള്‍ക്കിടയിലെ മരുഭൂമിയില്‍ മണിക്കൂറുകളോളം കുടുങ്ങിയ രണ്ട് സ്വദേശികളുടെ മൃതദേഹം കണ്ടെത്തിയത്. മരുഭൂമിയിലൂടെ യാത്ര ചെയ്യവേ ഇവരുടെ കാര്‍ മണൽക്കൂനകൾക്കിടയിൽ കുടുങ്ങിയിരുന്നു.

ഇതിനെ തുടര്‍ന്ന് ഭക്ഷണവും വെള്ളവും കിട്ടാതെയാണ് രണ്ട് യുവാക്കളും മരിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഹമൂദ് ജിഫിന്‍ അല്‍ സാദിയും സുഹൃത്ത് വാലിദ് ഖുഷൈം അല്‍ സാദിയുമാണ് മരിച്ചത്. മണല്‍ക്കൂനയില്‍ കുടുങ്ങിയ വാഹനം പുറത്തെടുക്കാന്‍ ഇരുവരും നിരന്തരം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാറില്‍ വെള്ളം കരുതാതിരുന്ന യുവാക്കള്‍ കഠിനമായ ചൂട് മൂലം ദാഹിച്ചു മരിക്കുകയായിരുന്നു. കഠിനമായ ചൂടു മൂലം വാഹനം മണല്‍ക്കൂനയില്‍ നിന്ന് ഇറക്കാന്‍  ശ്രമിക്കുന്നതിനിടെ ഇരുവരും മരണമടഞ്ഞതായി  വാലിദിന്റെ അമ്മാവന്‍ ഡോ. മുഹമ്മദ് ഉബൈദ് അല്‍ സാദി ഒകാസ് പത്രത്തോട് പറഞ്ഞു.

‘അവര്‍ മരുഭൂമിയിലേക്ക് പോയതായിരുന്നു, പക്ഷേ കാര്‍ മണല്‍ക്കൂനകള്‍ക്കിടയില്‍ കുടുങ്ങി, കാറുമായി രക്ഷപ്പെടാന്‍ ഇരുവരും ശ്രമിച്ചെങ്കിലും അവര്‍ക്ക് ചൂടിനെ അതിജീവിക്കാനായില്ല,’ അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.