മമ്മൂട്ടിയുടെ ഓണസമ്മാനം; മിഖായേലിനും മിഹോക്കിനും ഇത് കേള്‍വിയുടെ പുതുവര്‍ഷപ്പിറവി

News Desk
1 Min Read

ചിങ്ങപ്പിറവിയില്‍ കേൾവിയുടെ പുതിയ വർഷത്തിലേക്ക് കാതോർക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലും മിഹോക്കും. ജന്മനാ കേൾവിശക്തിയില്ലാതിരുന്ന ഇവർക്ക് ‘കാതോട് കാതോരം’ പദ്ധതിയാണ് തുണയായത്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള പദ്ധതിയിലൂടെ രണ്ടുപേർക്കും കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി ചെയ്യുകയായിരുന്നു.

ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശികളായ സോനു-ബോബിന ദമ്പതികളുടെ മക്കളാണ് മിഖായേലും മിഹോക്കും. മൂത്തയാളായ മിഖായേലിന് രണ്ട് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ കേൾവി തകരാർ തിരിച്ചറിയുന്നത്.

ഇതിനിടെ മിഹോക്കിനും സമാനമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇരുമക്കളുടെയും ചികിത്സയ്ക്കായി 25 ലക്ഷത്തോളം രൂപ കണ്ടെത്തുക കുടുംബത്തിന് അസാധ്യമായിരുന്നു. ഇതിനിടെ പത്രത്തിലൂടെയാണ് ‘കാതോട് കാതോരം’ പദ്ധതിയെക്കുറിച്ച് കുടുംബം അറിയുന്നത്. പിന്നാലെ കെയർ ആൻഡ് ഷെയർ ഭാരവാഹികൾക്ക് അപേക്ഷ നൽകി.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജഗിരി ആശുപത്രിയിലെ ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത്. നിലവിൽ ഓഡിറ്ററി വെർബൽ തെറാപ്പി പരിശീലനത്തിലാണ് മിഖായേലും മിഹോക്കും.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article