കണ്ണൂർ: പയ്യന്നൂരിലെ പാർട്ടിപ്രവർത്തകൻ സി.വി.ധനരാജ് കൊല്ലപ്പെട്ട കേസിൽ തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽനിന്ന് ഇന്നു വരാനിരിക്കുന്ന വിധി സിപിഎമ്മിന് അഗ്നിപരീക്ഷയാണ്.
ആഭ്യന്തരകലഹങ്ങളും ഫണ്ടുവിവാദങ്ങളുമുണ്ടാക്കിയ വിള്ളലുകളടച്ച് സംഘടന ശക്തിപ്പെടുത്താൻ സിപിഎമ്മിന് അനുകൂലവിധി അനിവാര്യം. പ്രതികൾ ആർഎസ്എസ്, ബിജെപി പ്രവർത്തകരാണെങ്കിലും വിധി തുടർചലനങ്ങളുണ്ടാക്കുക സിപിഎമ്മിലായിരിക്കും.
10 വർഷം മുൻപു ധനരാജ് കൊല്ലപ്പെടുമ്പോഴുണ്ടായിരുന്ന കെട്ടുറപ്പ് പയ്യന്നൂരിൽ ഇപ്പോൾ സിപിഎമ്മിനില്ല. പ്രതികൾക്കെല്ലാം പരമാവധി ശിക്ഷകിട്ടണമെന്ന് ആഗ്രഹിക്കുന്ന പ്രവർത്തകരെ തൃപ്തിപ്പെടുത്തുന്നതല്ല വിധിയെങ്കിൽ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ഉണ്ടാക്കിയ മുറിവുകളിൽ എരിവുപടരുമെന്ന ആശങ്കയുണ്ട്.
ധനരാജ് രക്തസാക്ഷി ഫണ്ടിലടക്കമുയർന്ന സാമ്പത്തിക ആരോപണങ്ങളിൽനിന്നു പാർട്ടി ഇപ്പോഴും മുക്തമായിട്ടില്ല. അണികൾക്കുണ്ടായ അതൃപ്തി നിയമസഭാ തിരഞ്ഞെടുപ്പിൽ വി.കുഞ്ഞിക്കൃഷ്ണന് അനുകൂലമായതും പാർട്ടി ദയനീയമായി തോറ്റതും എങ്ങനെയെന്ന പരിശോധനയും നടപടിയും എങ്ങുമെത്തിയിട്ടില്ല. രണ്ടംഗ കമ്മിഷൻ തെളിവെടുപ്പു നടത്തിയിട്ടും വിശാലസമ്മേളനങ്ങൾ പൂർത്തിയാക്കിയിട്ടും പയ്യന്നൂരിലെ പ്രശ്നങ്ങൾക്കു പരിഹാരമില്ല. സംഘടനാദൗർബല്യം സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിലും പ്രകടമാണ്. വിധി പ്രതികൂലമായാൽ നേതൃത്വത്തിനുനേരെ ഉയരാനിരിക്കുന്ന ചോദ്യങ്ങൾക്കു മൂർച്ചയേറും.
2016 ജൂലൈ 11നു രാത്രിയാണ് സിപിഎം ഏഴിമല ബ്രാഞ്ച് മുൻ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന രാമന്തളി കുന്നരു കാരന്താട്ടെ സി.വി.ധനരാജ് വീട്ടുമുറ്റത്ത് അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽ കൊല്ലപ്പെട്ടത്. ഒന്നാം പിണറായി സർക്കാരിന്റെ സമയത്താണു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
വാദമുഖങ്ങൾ കോടതിയിൽ പരാജയപ്പെട്ടാൽ ധനരാജിന്റെ രക്തസാക്ഷിത്വത്തിനു മറുപടിപറയാൻ സിപിഎം വിയർക്കേണ്ടിവരും. ഫണ്ടുവിവാദത്തിനു പിന്നാലെ അതു മറ്റൊരു തിരിച്ചടിയാകുമെന്ന ചിന്ത നേതൃത്വത്തിനുണ്ട്. രക്തസാക്ഷിഫണ്ട് വകമാറ്റാൻ കാണിച്ച ആവേശം കൊലയാളികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ നേതൃത്വം കാണിച്ചില്ലെന്ന പ്രചാരണം കുഞ്ഞിക്കൃഷ്ണനും കൂട്ടരും ശക്തമാക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
