കോട്ടയം: കെ എസ് ഇ ബി കരാര്‍ തൊഴിലാളിയായ ആദിവാസി യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പട്ടികവര്‍ഗ ഊരാളി സമുദായാംഗമായ പൂഞ്ഞാര്‍ പെരുങ്ങുളം പൂവത്തുങ്കല്‍ വീട്ടില്‍ അഭിലാഷ് (33) നെ ആണ് മര്‍ദിച്ചത്. അഭിലാഷ് നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30 ഓടെ വീട്ടിലെത്തിയ പോലീസ് അഭിലാഷിനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് സഹോദരന് രാജീവ് പറഞ്ഞു. വീട്ടിലെത്തിയ അഞ്ചുപേര്‍ വാതില്‍ ചവിട്ടിത്തുറന്ന്, കട്ടിലില്‍ കിടക്കുകയായിരുന്ന അഭിലാഷിനെ എഴുന്നേല്‍പ്പിക്കുകയും കൂടെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്തിനാണെന്ന് ചോദിച്ചപ്പോള്‍ മര്‍ദിക്കുകയും വലിച്ചിഴച്ച് കാറില്‍ കയറ്റുകയും ചെയ്തു. തടയാന്‍ ശ്രമിച്ച ബന്ധുക്കളെയും സമീപവാസികളെയും അസഭ്യം പറഞ്ഞു. അഭിലാിനെ കാറിനുള്ളിലിട്ട് ശരീരമാസകലം ചവിട്ടി. കാറില്‍ നിന്ന് ജീപ്പിലേക്ക് കയറ്റുമ്പോഴും സ്റ്റേഷനില്‍ എത്തിച്ചപ്പോഴും മര്‍ദനം തുടര്‍ന്നു.
പരാതി പറഞ്ഞാല്‍ കെ എസ് ഇ ബിയുടെ കമ്പി മോഷ്ടിച്ചുവെന്ന് കേസെടുത്ത് ജയിലിനകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം എസ് പി., ഡി വൈ എസ് പി എന്നിവര്‍ക്കാണ് പരാതി നല്‍കിയതെന്ന് അഭിലാഷിന്റെ സഹോദരന് പറഞ്ഞു. മര്‍ദനത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഭിലാഷിനെ പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍, പൂഞ്ഞാര്‍ കെ എസ് ഇ ബി ഓഫീസിലെ കമ്പി മോഷണത്തിന്റെ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് അഭിലാഷിനെ എസ് പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘം കൊണ്ടുപോയതെന്നാണ് പാലാ ഡി വൈ എസ് പിയുടെ വിശദീകരണം. ഡാന്‍സാഫ് സംഘം കൂടെ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചെറുത്തതിനെ തുടര്‍ന്ന് ബലംപ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവുക മാത്രമാണ് ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു പറഞ്ഞു. വഴിയില്‍വെച്ച് എസ് ഐയെയും സംഘത്തെയും കണ്ടതോടെ യുവാവിനെ അവര്‍ക്ക് കൈമാറി പോലീസ് ജീപ്പിലേക്ക് മാറ്റി.
തുടര്‍ന്ന് എസ് ഐ. യുവാവിനെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനിലെത്തിക്കുമ്പോള്‍ യുവാവിന് പരുക്കുകളോ പരാതിയോ ഇല്ലായിരുന്നുവെന്നും പോലീസ് മേധാവി പറഞ്ഞു.
മൊഴി നല്കിയ ശേഷം സ്റ്റേഷനില്‍ നിന്ന് മടങ്ങിയ യുവാവ് വൈകുന്നേരത്തോടെയാണ് മര്ദനമേറ്റെന്ന്കാട്ടി ആശുപത്രിയിലെത്തിയത്. പി ആര് ഒ യുടെ മുറിയിലിരുന്നാണ് എസ് ഐ യുവാവുമായി സംസാരിച്ചതെന്നും പോലീസ് സ്റ്റേഷനിലെ മുഴുവന്‍ കാര്യങ്ങളും അവിടെയുള്ള സി സി ടി വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
