ഇൻസ്റ്റഗ്രാമിൽ ആഡംബര ജീവിതം, വനിതാ കോൺസ്റ്റബിൾമാർക്ക് വിവാഹ വാഗ്ദാനം; ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ

News Desk
1 Min Read

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ആഡംബര ജീവിതം നയിച്ച് വനിതാ കോൺസ്റ്റബിൾമാരെ പ്രണയക്കുടുക്കിൽ വീഴ്ത്തി ലക്ഷങ്ങൾ തട്ടിയ 23 വയസ്സുകാരൻ അറസ്റ്റിൽ. ബുരാരി സ്വദേശിയായ വിക്രാന്ത് തോമറാണ് അറസ്റ്റിലായത്. ഏകദേശം ഇരുപതോളം വനിതാ കോൺസ്റ്റബിൾമാരെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ച് 24 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതായാണ് ഡൽഹി പൊലീസ് പറയുന്നത്.

ആഡംബര റസ്റ്ററന്റുകളിലെ ചിത്രങ്ങളും, മുന്തിയ ഇനം കാറുകളുമൊക്കെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് താനൊരു വ്യവസായിയാണെന്ന് വരുത്തിത്തീർത്തായിരുന്നു വിക്രാന്തിന്റെ തട്ടിപ്പ്. ഒരേ ബാച്ചിൽ പാസായ വനിതാ പൊലീസുകാരെയാണ് പ്രതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എട്ട് മണിക്കൂർ അടിസ്ഥാനത്തിൽ ആഡംബര കാറുകൾ വാടകയ്‌ക്കെടുത്ത് ഇവരെ കറങ്ങാൻ കൊണ്ടുപോയി വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷമായിരുന്നു വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം തട്ടിയിരുന്നത്.

കരോൾബാഗ് പൊലീസ് സ്റ്റേഷനിലെ ഒരു വനിതാ കോൺസ്റ്റബിൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇതേ ബാച്ചിലെ നിരവധി വനിതാ പൊലീസുകാർ ഇയാളുടെ തട്ടിപ്പിനിരയായതായി കണ്ടെത്തി. പലരും നാണക്കേട് ഭയന്ന് ഇതുവരെ ഔദ്യോഗികമായി പരാതി നൽകാൻ തയാറായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വിക്രാന്ത് തോമറിന്റെ ലിവ് ഇൻ പങ്കാളിയും ഡൽഹി പൊലീസിലെ ഒരു വനിതാ കോൺസ്റ്റബിളാണ്. പങ്കാളിയുടെ ബാച്ചിലുള്ള സുഹൃത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നത്.

തട്ടിയെടുത്ത പണം വൺ എക്സ് എന്ന ബെറ്റിങ് ആപ്പിലേക്കാണ് പോയിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ ഡൽഹിയിലെ മായാപുരി, ഹരി നഗർ, ഇന്ദർപുരി, ഈസ്റ്റ് ഡിസ്ട്രിക്റ്റ് സൈബർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി സമാനമായ അഞ്ച് തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. ഈ കേസുകളിൽ ജാമ്യം ലഭിച്ച് കഴിഞ്ഞ ജൂണിലാണ് ഇയാൾ പുറത്തിറങ്ങിയത്. നിലവിൽ സെൻട്രൽ ഡിസ്ട്രിക്റ്റ് സൈബർ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!