ബാങ്കിൽ ‘സഹായിക്കാൻ’‌ എത്തി 1.70 ലക്ഷം കവർന്നു; യുവതി അറസ്റ്റിൽ

News Desk
1 Min Read

മുണ്ടക്കയം( കോട്ടയം): ബാങ്കിൽ സഹായിക്കാനെന്ന പേരിൽ സൗഹൃദം സ്ഥാപിച്ച് വയോധികയുടെ അക്കൗണ്ടിൽനിന്ന് 1,70,000 രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൂട്ടിക്കൽ ചപ്പാത്ത് ജ്യോതി കൃഷ്ണ (36) ആണ് മുറികല്ലുംപുറം പ്ലാമൂട്ടിൽ ലത പുരുഷന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു പണം തട്ടിയത്.

സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ ജോലിയിൽനിന്നു വിരമിച്ച ലത എസ്റ്റേറ്റിൽനിന്നു ലഭിച്ച ഗ്രാറ്റുവിറ്റിത്തുകയുടെ ചെക്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എത്തി. ഫോമുകൾ പൂരിപ്പിച്ചു നൽകാമെന്നു പറഞ്ഞ് ഈ സമയം ജ്യോതി കൃഷ്ണ ലതയുമായി അടുപ്പം സ്ഥാപിച്ചു. 17ന് ചെക്ക് മാറി പണം ആയിട്ടുണ്ടെന്ന് ബാങ്കിൽനിന്ന് അറിയിപ്പു ലഭിച്ചു. ഇതേദിവസം ലതയോടു ജ്യോതി ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കുകയും സഹായത്തിനായി വീണ്ടും കൂടെ എത്തുകയും ചെയ്തു. പാസ് ബുക്കിൽ തുക പതിപ്പിച്ച ശേഷം മറ്റുചില ഫോമുകളിൽ ജ്യോതി കൃഷ്ണ ലതയോട് ഒപ്പിടാൻ പറഞ്ഞു. 

ഇതുവഴി പണം ജ്യോതിയുടെ അക്കൗണ്ടിലേക്കു മാറ്റി. അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടെന്ന് അറിഞ്ഞ് സെപ്റ്റംബർ 26ന് മുണ്ടക്കയം പൊലീസിൽ പരാതി നൽകി. പൊലീസ് ജ്യോതി കൃഷ്ണയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ ജ്യോതി കൃഷ്ണയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!