ദോഹ: ശത്രുരാജ്യങ്ങളുടെ ഭീഷണി നേരിടാൻ ഗൾഫ് അറബ് രാജ്യമായ ഖത്തർ ഉടനെ ഒരു പ്രതിരോധ ഉൽപാദന കേന്ദ്രം പ്രഖ്യാപിക്കുമെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി. തിങ്കളാഴ്ച ദോഹയിൽ നടന്ന ഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് രാജ്യങ്ങൾക്ക് മേൽ ഇറാൻ അക്രമണം അഴിച്ചുവിട്ട സംഭവത്തിലും പശ്ചിമേഷ്യൻ സംഘർഷങ്ങൾ വർധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഖത്തറിൻ്റെ ഈ നിർണായക നീക്കം.
പ്രാദേശിക പ്രതിരോധ ഉൽപാദനം ശക്തിപ്പെടുത്താനും പ്രതിരോധ മേഖലയിലെ കമ്പനികളിൽ നേരിട്ട് നിക്ഷേപം നടത്തുന്നതിനുമായി യുഎസ്, ബ്രിട്ടൺ, ഫ്രാൻസ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര പങ്കാളികൾക്കൊപ്പം ഖത്തർ ഒരു പ്രാദേശിക സഖ്യകക്ഷിയുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നുണ്ടെന്ന് ഷെയ്ഖ് സൗദ് പറഞ്ഞു.
ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, സൈബർ ആക്രമണങ്ങൾ എന്നിവയിൽ നിന്ന് ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളും നേരിടുന്ന ഭീഷണികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഷെയ്ഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി. “ഈ മൂന്ന് ഘടകങ്ങളിലേക്കും, മറ്റു പ്രതിരോധ കാര്യങ്ങളിലേക്കും ശേഷി വർധിപ്പിക്കുന്നതിനുള്ള ഒരു പുതിയ സംരംഭം സ്ഥാപിക്കുന്നതിനായി പ്രാദേശിക പങ്കാളികളുമായി ഞങ്ങൾ ഉടൻ പുതിയ പങ്കാളിത്തം പ്രഖ്യാപിക്കാൻ പോകുന്നു,” അൽ താനി വ്യക്തമാക്കി.
ഇറാൻ യുദ്ധം ഖത്തറിന് കനത്ത പ്രഹരമാണ് നൽകിയത്. യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ റാസ് ലഫാനിലെ പ്രധാന എൽഎൻജി സമുച്ചയത്തിൻ്റെ ഭൂരിഭാഗവും അടച്ചുപൂട്ടാൻ രാജ്യം നിർബന്ധിതരായി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ആഗോള ഷിപ്പിംഗിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഖത്തറിനെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
