മുംബൈ: ട്രെയിനിലെ 3എസി കോച്ചിനുള്ളിൽ പാൻ വിൽപന നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മുംബൈ-ഛത്തീസ്ഗഢ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം.
മുംബൈയിൽ നിന്ന് ഛത്തീസ്ഗഢിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ, 3എസി കോച്ചിലെ ലോവർ ബർത്തിൽ ഇരുന്നുകൊണ്ട് പാൻ കച്ചവടക്കാരൻ യാത്രക്കാരുടെ മുന്നിൽ വെച്ച് പാൻ തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
@indiain24hr എന്ന എക്സ് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ, വ്യാപാരി ബർത്തിന് മുകളിൽ ഒരു തുണി വിരിച്ച് അതിൽ ആവശ്യമായ സാധനങ്ങൾ വെച്ച് വളരെ ശ്രദ്ധയോടെ പാൻ തയ്യാറാക്കുന്നത് കാണാം. കച്ചവടക്കാരൻ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ മറ്റ് യാത്രക്കാർ ഇത് കൗതുകത്തോടെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.
ട്രെയിനിൽ നിന്ന് ഏകദേശം 20-25 എണ്ണത്തിന്റെ ഓർഡർ കച്ചവടക്കാരൻ ലഭിച്ചിട്ടുണ്ടെന്നാണ് വീഡിയോ പകര്ത്തിയ ആൾ പറയുന്നത്. വീഡിയോ വൈറലായതോടെ, എയർകണ്ടീഷൻ ചെയ്ത ഒരു കോച്ചിനുള്ളിൽ ഇത്തരത്തിൽ പാൻ തയ്യാറാക്കുന്ന സാഹചര്യത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ ആശങ്ക രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് റെയിൽവേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
