പാലാ: കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് പോളിടെക്നിക് വിദ്യാര്ഥി മരിച്ചു. മുണ്ടക്കയം കൊക്കയാര് കമലഭവനില് കൃഷ്ണന്റെ മകന് കെ. ശിവ (24) ആണ് മരിച്ചത്. തൊടുപുഴ അല് അസര് കോളജിലെ വിദ്യാര്ഥിയായിരുന്നു.
ഈരാറ്റുപേട്ട-തൊടുപുഴ റോഡില് കളത്തൂക്കടവ് വലിയമംഗലം തടിമില്ലിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പരീക്ഷയ്ക്കായി കോളജിലേക്ക് പോകുന്നതിനിടെ ശിവ സഞ്ചരിച്ച ബൈക്ക് റോഡിലെ വെള്ളവരയില് തെന്നി എതിരെ വന്ന കെ.എസ്.ആര്.ടി.സി. ബസില് ഇടിക്കുകയായിരുന്നു. തൃശൂരില്നിന്ന് അടൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്പ്പെട്ടത്.
മഴയെ തുടര്ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില് റോഡിലേക്ക് തെറിച്ചുവീണ ശിവയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. തുടര്ന്ന് ഈരാറ്റുപേട്ട അഗ്നിരക്ഷാസേന സ്ഥലത്തെത്തി റോഡിലെ രക്തം കഴുകിനീക്കി. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി മേല്നടപടികള് സ്വീകരിച്ചു.
മൃതശരീരം പാലാ ജനറല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: കര്ത്തമ്മ. സഹോദരങ്ങള്: ജീവ, ജ്യോതി, ശക്തി. സംസ്കാരം പിന്നീട്.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
