ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ ഇന്‍ഡ്യ സഖ്യം. ഇന്‍ഡ്യ സഖ്യ എംപിമാരെ രാഹുല്‍ ഗാന്ധി ചായസല്‍ക്കാരത്തിന് ക്ഷണിച്ചു.
ഇന്ന് വൈകീട്ട് നാല് മണിക്ക് രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് ചായസല്‍ക്കാരം. വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെയും പൗരസമൂഹ പ്രതിനിധികളെയും സല്ക്കാരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചായസല്‍ക്കാരത്തിന് ശേഷം ഇന്‍ഡ്യ മുന്നണിയുടെ സംയുക്ത വാര്‍ത്താസമ്മേളനം ഉണ്ടായേക്കും. ഇതിന് ശേഷം മാര്‍ച്ചിന് സാധ്യതയുണ്ടെന്നാണ് വിവരം.
സമരത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് തിരിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി റോജി എം ജോണും രാവിലെ ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. മന്ത്രിമാരായ എ പി അനില്‍ കുമാര്‍, ഒ ജെ ജനീഷ് എന്നിവര്‍ രാജ്യതലസ്ഥാനത്ത് തുടരുന്നുണ്ട്. കെപിസിസി ഭാരവാഹികളും, ഡിസിസി അധ്യക്ഷന്മാരും സമരത്തിന്റെ ഭാഗമാകും.
ഇതിനിടെ ഡല്‍ഹയില്‍ തുടര്‍ സമരം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സിജെപി. രാവിലെ 10 മണിക്ക് മുമ്പ് സമരത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം പ്രഖ്യാപിക്കുമെന്ന് സിജെപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിജീത് ദീപ്കെ ഉടന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്നാണ് വിവരം. മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകള്‍ക്കായി മുംബൈയിലായിരുന്നു അഭിജീത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
