കാക്കനാട്: മദ്യലഹരിയിൽ യുവാവ് ഓടിച്ച ആഡംബര കാറിടിച്ചു സ്കൂട്ടർ യാത്രക്കാരായ 3 യുവാക്കൾ മരിച്ച സംഭവത്തിൽ 2 പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെയാണു നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സുഹൈൽ സജീവിനൊപ്പം ഇവരും കാറിലുണ്ടായിരുന്നു.
ഞായറാഴ്ച പുലർച്ചെ വിമാനത്താവള റോഡിൽ അത്താണിയിലായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ, സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു അപകടത്തിൽ കർണാടക സുള്ള്യ സ്വദേശി ഇയാസ് ഇബ്രാഹിം (21), വയനാട് കൽപറ്റ സ്വദേശി കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി എം.പി.ഗോപിക (21) എന്നിവരാണു കൊല്ലപ്പെട്ടത്.
സുഹൈലിനൊപ്പം പിടിയിലായ നിനവിനെ ചോദ്യം ചെയ്തപ്പോഴാണു മറ്റു 2 പേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നതായി വ്യക്തമായത്. ഇവർ അപകടശേഷം സംഭവസ്ഥലത്തു നിന്നു മറ്റൊരു വാഹനത്തിൽ സ്ഥലംവിട്ടിരുന്നു. തുടർന്ന് ജോയലിനെയും അമീനെയും ആലപ്പുഴയിൽ നിന്നാണു കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെയും പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി.
അപകടത്തിനു കാരണം കാറിന്റെ അമിതവേഗം തന്നെയെന്നു മോട്ടർ വാഹന വകുപ്പു കണ്ടെത്തി. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് വകുപ്പു സർക്കാരിനു സമർപ്പിച്ചു. കാറിലെ ഇലക്ട്രോണിക്സ് കൺട്രോൾ മൊഡ്യൂൾ പരിശോധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കമ്പനിയോടു നിർദേശിച്ചിട്ടുണ്ട്. അപകടസമയത്തു കാർ എത്ര വേഗത്തിലായിരുന്നു എന്നു കണ്ടെത്താൻ ഇതിലൂടെ കഴിയും. റിമാൻഡിൽ പാർപ്പിച്ചിരിക്കുന്ന ബോസ്റ്റൽ ഹോമിൽ നിന്നു സുഹൈൽ പുറത്തിറങ്ങിയാലുടൻ ഹിയറിങ് പൂർത്തിയാക്കി ലൈസൻസ് സസ്പെൻഡ് ചെയ്യാനാണു തീരുമാനം. സുഹൈലിന്റെ മോചനം വൈകിയാൽ ലൈസൻസ് സസ്പെൻഷനു നിയമപ്രകാരമുള്ള മറ്റു നടപടികൾ കൈക്കൊള്ളും. അപകടം സൃഷ്ടിച്ച കാർ സെക്കൻഡ് ഹാൻഡായാണു സുഹൈലിന്റെ പിതാവു വാങ്ങിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
