തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രത്യേക പ്രമേയം പാസാക്കി കേരള നിയമസഭ. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ യു.ഡി.എഫ് – എൽ.ഡി.എഫ് എം.എൽ.എമാർ ഒന്നടങ്കം പിന്തുണച്ചു. മൂന്ന് ബി ജെ പി അംഗങ്ങൾ മാത്രമാണ് എതിർത്തത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന നിയമസഭ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്കെതിരെ ഇത്തരമൊരു പ്രമേയം പാസാക്കുന്നത്. വോട്ടര്‍പട്ടിക പരിഷ്കരണത്തിലെ അപാകതകള്‍, അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത എന്നിവയില്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഭരണ-പ്രതിപക്ഷ ഐക്യത്തോടെ ഈ നീക്കം നടന്നത്.
ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കപ്പെടണമെന്ന് ഊന്നിപ്പറയുന്ന പ്രമേയത്തിലൂടെ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് കേരള നിയമസഭ മുന്നോട്ടുവെച്ചിരിക്കുന്നത്. സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) നടപടികളിലെ ക്രമക്കേടുകള്‍ പരിഹരിച്ച് വോട്ടര്‍പട്ടികയില്‍ നിന്ന് അന്യായമായി പുറത്താക്കപ്പെട്ട മുഴുവന്‍ അര്‍ഹരായ വോട്ടര്‍മാരുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കുക, നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ ചീഫ് ഇലക്ഷന് കമ്മീഷണറെ പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കണമെന്നും, അതുവഴി സ്ഥാപനത്തിന്റെ സ്വതന്ത്രസ്വഭാവവും വിശ്വാസ്യതയും ഉറപ്പാക്കണമെന്നും നിയമസഭ ആവശ്യപ്പെട്ടു. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്ന് പ്രമേയം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ച ഭേദഗതി അംഗീകരിച്ചുകൊണ്ടാണ് പ്രമേയം സഭ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെ പാസാക്കിയ ഈ പ്രമേയത്തിലൂടെ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്ന ഉറച്ച നിലപാടാണ് കേരള നിയമസഭ എടുത്തിരിക്കുന്നത്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
